കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ അതിരൂപതാ പ്രതിനിധികൾ റോമിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാധ്യക്ഷന്‍ അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും അധിവസിക്കുന്ന ക്നാനായ കത്തോലിക്കരുടെ നിവേദനം സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോമലബാർ സിനഡ് സെക്രട്ടറി മാർ ജോസഫ് പാംബ്ലാനി, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറേറർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഓറിയന്റൽ കോൺഗ്രിഗേഷൻ പ്രീഫെറ്റ് കർദിനാൾ ക്ലൗഡിയോ ഗുജെറോത്തിക്കു സമർപ്പിച്ച് ചർച്ചകൾ നടത്തിയതിനുശേഷമാണ് മാർപാപ്പയെ സന്ദർശിച്ചത്.
കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, കെ. സി. സി. പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപതാ പി. ആർ. ഒ. അഡ്വ. അജി കോയിക്കൽ, കെ. സി. വൈ. എൽ. പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ എന്നിവരാണ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത്.