വത്തിക്കാൻ സന്ദർശിക്കാനെത്തിയ ലെസോത്തോയുടെ രാജാവ് ലെറ്റ്‌സി മൂന്നാമനെ ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. ഒക്ടോബർ 18, ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.
മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരൊളിനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വത്തിക്കാൻ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറിനൊപ്പം അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സ്വീകരിച്ചു സംസാരിച്ചു.
പരിശുദ്ധ സിംഹാസനവും ലെസോത്തോയുമായുള്ള ഊഷ്മളമായ ബന്ധം ചർച്ചയിൽ പ്രധാനവിഷയമായി. ലെസോത്തോയിലെ പ്രാദേശിക കത്തോലിക്കാസഭ നൽകുന്ന സംഭാവനകളും ചർച്ചചെയ്യപ്പെട്ടു. തുടർന്ന് പൊതുതാത്പര്യമുള്ള അന്താരാഷ്ട്രവിഷയങ്ങളെക്കുറിച്ചു സംസാരിക്കവെ, ഉക്രൈനിലെയും വിശുദ്ധനാട്ടിലെയും സംഘർഷങ്ങൾ, ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയസ്ഥിതി, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും ഇരുകൂട്ടരും പങ്കുവച്ചു.