
ഡോക്ടർമാരുടെ നിർദേശപ്രകാരം ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൂടുതൽ വിശ്രമം ആവശ്യമായതിനാൽ ചാൾസ് രാജാവും കമില രാജ്ഞിയും നിശ്ചയിച്ചിരുന്ന വത്തിക്കാൻ സന്ദർശനം മാറ്റിവച്ചു. 2025 ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏപ്രിൽ ആദ്യം വത്തിക്കാൻ സന്ദർശിക്കാൻ ബ്രിട്ടീഷ് രാജദമ്പതികൾ പദ്ധതിയിട്ടിരുന്നു.
ഏപ്രിൽ എട്ടിന് നിശ്ചയിച്ചിരുന്ന പരിശുദ്ധ പിതാവുമായുള്ള ഇവരുടെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. മാർച്ച് 25 ന് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, സന്ദർശനം മാറ്റിവച്ചത് പരസ്പര സമ്മതത്തോടെയായിരുന്നു. “ഫ്രാൻസിസ് മാർപാപ്പയ്ക്ക് കുറച്ചുകൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശം നൽകിയതിനാൽ, രാജാവിന്റെയും രാജ്ഞിയുടെയും വത്തിക്കാനിലേക്കുള്ള ഔദ്യോഗിക സന്ദർശനം പരസ്പര സമ്മതത്തോടെ മാറ്റിവച്ചു,” രാജകുടുംബം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായി രാജകുടുംബം ആശംസകൾ പങ്കുവച്ചു.
“മാർപാപ്പയുടെ രോഗശാന്തിക്കായി ആശംസകൾ നേരുന്നു. പാപ്പ സുഖം പ്രാപിച്ചുകഴിഞ്ഞാൽ അദ്ദേഹത്തെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിലെ പേപ്പൽ ബസിലിക്ക സന്ദർശിക്കാനും ചാൾസ് രാജാവ് പദ്ധതിയിട്ടിരുന്നുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു.
ഏപ്രിൽ മാസത്തിൽ ഇറ്റലിയിലേക്കുള്ള മറ്റ് സന്ദർശനങ്ങൾ ചാൾസ് രാജാവും കമില രാജ്ഞിയും നടത്തും.