
ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കും. ഏപ്രിൽ എട്ടിന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. ഏപ്രിൽ ഏഴു മുതൽ പത്തുവരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലിയിലായിരിക്കും. സന്ദർശനത്തിന്റെ ആദ്യ ഭാഗം വത്തിക്കാനെയും കത്തോലിക്കാ സഭയുടെ 2025 ജൂബിലി വർഷത്തിലെ പങ്കാളിത്തത്തെയും കേന്ദ്രീകരിച്ചായിരിക്കും എന്ന് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രോഗ്രാമിൽ പറയുന്നു.
ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ ഇതുവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്‌തിട്ടില്ല. ചാൾസ് രാജാവും ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് പുറമേ, ‘സൃഷ്ടിക്കായുള്ള പരിചരണം’ എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റൈൻ ചാപ്പലിൽ നടത്തപ്പെടുന്ന എക്യുമെനിക്കൽ ശുശ്രൂഷയിൽ രാജാവും രാജ്ഞിയും പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം മാർച്ച് 18 ന് അറിയിച്ചു.
സെന്റ് പോൾ ഔട്ട്‌സൈഡ് ദി വാൾസിന്റെ പേപ്പൽ ബസിലിക്കയും ചാൾസ് രാജാവ് സന്ദർശിക്കും.ബ്രിട്ടനിൽ നിന്നും കോമൺവെൽത്തിൽ നിന്നുമുള്ള സെമിനാരി വിദ്യാർഥികളുമായുള്ള സ്വീകരണത്തിലും ചാൾസ് മൂന്നാമൻ രാജാവ് പങ്കെടുക്കും. അതേസമയം സ്ത്രീകൾക്കെതിരായ മനുഷ്യക്കടത്തും ലൈംഗിക അതിക്രമവും തടയാൻ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ (IUSG) നിന്നുള്ള കത്തോലിക്കാ സന്യാസിനിമാരുമായും കാമില രാജ്ഞിയും കൂടിക്കാഴ്ച നടത്തും.