തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം; ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ കോടതി ഉത്തരവ്

പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിച്ച ക്രിസ്ത്യൻ സഹോദരിമാരെ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു. പതിമൂന്നും പതിനെട്ടും വയസുള്ള പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് വിവാഹം ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റിൽ 13 വയസുകാരിയുടെ പ്രായം 19 എന്നും 18 കാരിയുടെ പ്രായം 21 ആണെന്നും രേഖപ്പെടുത്തിയിരുന്നു. ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

ജൂലൈ 23 ന് കസൂർ ജില്ലയിലെ പട്ടോക്കി തെഹ്‌സിലിൽ വെച്ചാണ് നേഹ ജാവേദിനെയും മൂത്ത സഹോദരി സനേഹ ജാവേദിനെയും തട്ടിക്കൊണ്ടുപോയത്. എന്നാൽ, സഹോദരിമാരെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്താൻ പോലീസ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് ലാഹോർ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് താരിഖ് നദീം പെൺകുട്ടികളെ വീണ്ടെടുക്കാൻ സെപ്റ്റംബർ 11ന് കസൂർ ജില്ലാ പോലീസ് മേധാവിയോട് ഉത്തരവിട്ടു.

ഇസ്‌ലാം മത വിശ്വാസികളായ മുഹമ്മദ് സെയ്ൻ, മുഹമ്മദ് അലി എന്നിവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത വിവാഹം ചെയ്തത്. അവരിൽ നിന്നും രണ്ടു പെൺകുട്ടികളെയും വീണ്ടെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. “ജൂലൈ 23 ന് കുടുംബം രണ്ട് മുറികളുള്ള ക്വാർട്ടേഴ്സിൽ ഉറങ്ങുകയായിരുന്നു, സെയ്‌നും അലിയും അജ്ഞാതരായ ചില കൂട്ടാളികളോടൊപ്പം അവരുടെ വീട്ടിൽ പ്രവേശിച്ച് മാതാപിതാക്കളുടെ മുറിയുടെ വാതിൽ പുറത്തു നിന്ന് പൂട്ടി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു,” ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണലിന്റെ റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.