
നൈജീരിയയിൽ ഫെബ്രുവരി ആറിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. കൊർണേലിയസ് മാൻസാക്ക് ദാമുലക്ക് അക്രമികളിൽ നിന്നും രക്ഷപ്പെട്ടു. സ്റ്റേറ്റ് ഓഫ് നൈജറിലെ (മധ്യ നൈജീരിയ) പൊലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 13 ന് വൈകുന്നേരം ഫാ. കൊർണേലിയസ് അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടുകയും പിറ്റേന്ന് രാവിലെ ഹൈവേയിൽ കണ്ടെത്തിയ വൈദികനെ പൊലീസ് രക്ഷപ്പെടുത്തുകയുമായിരുന്നു.
“ഫെബ്രുവരി 14 ന്, ഉച്ചയോടെ, പോഗോ പൈക്കോ ഹൈവേയിൽ ചഞ്ചഗയിൽ നിന്ന് പെട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പൊലീസാണ് വൈദികനെ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ രക്ഷിച്ച് സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.” പൊലീസ് കമാൻഡിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ചോദ്യം ചെയ്യലിൽ, അബുജയിലെ വെരിറ്റാസ് സർവകലാശാലയിലെ വിദ്യാർഥിയായ ഫാ. കൊർണേലിയസ് ദമുലക് (36) ആണെന്ന് തിരിച്ചറിഞ്ഞു.
ഫെബ്രുവരി ആറിന് വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഫാ. കൊർണേലിയസിനെ ബ്വാരിയിലെ (അബുജ) വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി വനത്തിലേക്ക് കൊണ്ടുപോയത്. ഭാഗ്യവശാൽ, ഫെബ്രുവരി 13 ന് ഫാ. കൊർണേലിയസ് തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെടുകയും മിന്നയിലെ പോഗോ പൈക്കോ ഹൈവേയിൽ എത്തുകയും ചെയ്തു. പ്ലാറ്റോ സ്റ്റേറ്റിലെ (മധ്യ നൈജീരിയ) ഷെൻഡം രൂപതയിലെ വൈദികരിൽ പെട്ടയാളാണ് ഫാ. കൊർണേലിയസ്.