
നൈജീരിയയിൽ മറ്റ് രണ്ടുപേർക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ലിവിനസ് മൗറീസിനെ വിട്ടയച്ചു.ഫെബ്രുവരി 12 ന് തട്ടിക്കൊണ്ടുപോകപ്പെട്ട അദ്ദേഹം തെക്കൻ നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റിലെ ഐസോക്‌പോയിലെ സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായിരുന്നു.
മറ്റു രണ്ട് പേർക്കൊപ്പം ആശുപത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ എലെയിൽ നിന്ന് ഇസിയോക്‌പോയിലേക്കുള്ള റോഡിൽ വച്ച് ആയുധധാരികൾ ഫാ. ലിവിനസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വൈദികനെ നിരുപാധികം മോചിപ്പിക്കണമെന്ന് ബിഷപ്പ് ബെർണാഡിൻ അനാലിനുവേണ്ടി പോർട്ട് ഹാർകോർട്ട് രൂപത ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഫാ. ലിവിനസ് മൗറീസിനെയും തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ട് പേരെയും ഫെബ്രുവരി 16 ഞായറാഴ്ച അക്രമികൾ വിട്ടയച്ചു.
“പൊലീസ് ഉദ്യോഗസ്ഥർ, ഇസിയോക്പോ ജോയിന്റ് ടാസ്‌ക് ഫോഴ്‌സിലെ സൈനികർ, പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന മിശ്ര സുരക്ഷാ ടീമിന്റെ സമ്മർദത്തെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. തട്ടിക്കൊണ്ടുപോയവരെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്”- സംസ്ഥാന പൊലീസ് വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു.
നൈജീരിയയിലെ തലസ്ഥാന ജില്ലയിലെ ബ്വാരി ഏരിയ കൗൺസിലിലെ വൈദികനായ ഫാ. കോർണെലസ് മാൻസാക്ക് ദാമുലക്ക് ഫെബ്രുവരി ആറിന് പുലർച്ചെ തട്ടിക്കൊണ്ടുപോകപ്പെട്ടിരുന്നു. അദ്ദേഹം ഇപ്പോഴും അക്രമികളുടെ കൈയിലാണ്.