നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മിഷനറി സൊസൈറ്റി ഓഫ് ഹോളി സ്പിരിറ്റിലെ (സ്പിരിറ്റൻസ്) അംഗമായ ഫാ. ജെറാൾഡ് ഒഹെരി മോചിതനായി. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നെന്ന് കോൺഗ്രിഗേഷൻ അംഗങ്ങൾ അറിയിച്ചു. നവംബർ 30 ന് വൈകുന്നേരമാണ് ഫാ. ഒഹെരിയെ തട്ടിക്കൊണ്ടുപോയത്.
സ്പിരിറ്റൻ പ്രൊവിൻഷ്യൽ സെക്രട്ടറിയായ ഫാ. വിറ്റൽസ് അനുസിയോൻവു ഡിസംബർ നാല് ബുധനാഴ്ചയാണ് ഫാ. ഒഹെരി മോചിതനായയെന്ന് വെളിപ്പെടുത്തിയത്. “ഞങ്ങൾ ദൈവത്തിന് നന്ദിപറയുന്നു. ദുഷ്‌കരമായ ഈ ദിവസങ്ങളിൽ നിങ്ങളുടെ പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി” – ഫാ. വിറ്റൽസ് പറഞ്ഞു.
ഏകദേശം 30 മൈൽ അകലെയുള്ള എനുഗുവിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ സെമിനാരിയിലേക്കു മടങ്ങുന്നതിനിടെയാണ് ഫാ. ഒഹെരി തട്ടിക്കൊണ്ടുപോകപ്പെട്ടത്.
പ്രദേശത്ത് വൻ സുരക്ഷാസേനയെ വിന്യസിച്ചിട്ടും തട്ടിക്കൊണ്ടുപോകലിന് യാതൊരു കുറവുമില്ല. 1965 ൽ സ്പിരിറ്റൻസ് സ്ഥാപിച്ച ഇസിയനുവിലെ (എൻസുക്ക രൂപത) ‘സ്പിരിറ്റൻ സ്കൂൾ ഓഫ് ഫിലോസഫി’ സെമിനാരിയിലെ അധ്യാപകനാണ് ഫാ. ഒഹെരി. 2009 മുതൽ ബോക്കോ ഹറാം കലാപം രാജ്യത്ത് ഒരു പ്രധാന വെല്ലുവിളിയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന സംഘമാണ് ആക്രമണങ്ങൾക്കു പിന്നിലുള്ളത്.