
കാമറൂണിലെ കത്തോലിക്കാ അതിരൂപതയായ ബമെൻഡയിൽ സേവനമനുഷ്ഠിക്കുന്ന മിൽ ഹിൽ മിഷനറീസ് (എം എച്ച് എം) അംഗമായ 83 വയസ്സുള്ള കത്തോലിക്കാ മിഷനറിയെയും സഹായിയെയും രണ്ടു ദിവസത്തിനുശേഷം മോചിപ്പിച്ചു. ഏപ്രിൽ ഒന്ന്, ചൊവ്വാഴ്ചയാണ് ബ്രദർ ഹുബ് വെൽറ്റേഴ്‌സിനെയും അദ്ദേഹത്തിന്റെ സഹായിയെയും തട്ടിക്കൊണ്ടു പോയത്.
കാമറൂണിലെ സംഘർഷഭരിതമായ വടക്കുപടിഞ്ഞാറൻ മേഖലയിലെ ബംബുയി ടുബ ഉപവിഭാഗത്തിൽ നിന്നുള്ള വിഘടനവാദി പോരാളികളാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിച്ചു എന്ന് അറിയിച്ചുകൊണ്ടുള്ള ഫോട്ടോകൾ ഏപ്രിൽ മൂന്ന്, വ്യാഴാഴ്ച മിഷനറി സൊസൈറ്റി പങ്കിട്ടു. “ബ്രദർ ഹുബ് വെൽറ്റേഴ്‌സിനെയും സഹായി ഹെൻറി കാങ്ങിന്റെയും തടവിൽ നിന്നുള്ള മോചനം ഇന്ന് ഉച്ചകഴിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. ഇരുവരെയും മിൽ ഹിൽ ഹൗസ് ബമെൻഡയിലേക്ക് സുരക്ഷിതമായി തിരിച്ചയച്ചു” – സൊസൈറ്റി റിപ്പോർട്ട് ചെയ്തു.
ഒരു നിർമ്മാണപദ്ധതിയുടെ മേൽനോട്ടത്തിനായി പോകുന്നതിനിടെയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. വെറും 20 കിലോമീറ്റർ അകലെയുള്ള ബാംബുയി പട്ടണത്തിൽവച്ചായിരുന്നു ആയുധധാരികൾ അവരെ തട്ടിക്കൊണ്ടുപോയത്. ഹോളണ്ടിൽ നിന്നുള്ള 83 വയസ്സുള്ള മിഷനറിയാണ് ബ്രദർ ഹുബ് വെൽറ്റേഴ്‌സ്. പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായാണ് ഇവർ പോയത് എന്ന് റിപ്പോർട്ടുണ്ട്.