
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം സംബന്ധിച്ച പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാവില്ല. മാത്രവുമല്ല, കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാൻ ഇനിയും തയ്യാറാകാത്തത് ദുരൂഹമാണ്.
അതിനാൽത്തന്നെ ഈ വിഷയത്തിൽ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കിൽ സർക്കാർ ഇക്കാര്യങ്ങളിൽ സുതാര്യത പുലർത്തുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും വേണം. അല്ലാത്തപക്ഷം, ലോക്സഭാ ഇലക്ഷന് മുമ്പെന്നതിന് സമാനമായി പല അവസരങ്ങളിലും പറഞ്ഞ വെറും വാക്കുകൾ പോലെ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇത്തരം അവലോകന യോഗങ്ങളും പ്രസ്താവനകളും എന്ന് കരുതേണ്ടിവരും. അതിനാൽ, ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടുകളിലെ ശുപാർശകൾ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി പുറത്തുവിടാനും ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണ്ണ രൂപത്തിൽ പ്രസിദ്ധപ്പെടുത്താനും തുടർ ചർച്ചകളിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണം.
ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ
ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ,
ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ