![armed](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/armed.jpg?resize=696%2C435&ssl=1)
പൊലീസുകാരും സൈനികരും ഉൾപ്പെടെ 3000 ത്തിൽ അധികം വരുന്ന സായുധ സേനാംഗങ്ങൾക്കായി ജൂബിലി പരിപാടികൾ വത്തിക്കാനിൽ ക്രമീകരിച്ചു. പ്രത്യാശ പകരുന്ന ഇവരുടെ സേവനത്തെ അംഗീകരിച്ചുകൊണ്ട് ഫെബ്രുവരി 8, 9 തീയതികളിലാണ് സായുധ ഗ്രൂപ്പുകളിലെ അംഗങ്ങൾക്കായി ജൂബിലി പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
“ജൂബിലി വർഷത്തിലെ പ്രധാനപ്പെട്ട രണ്ടാമത്തെ ജൂബിലി പരിപാടിയായിരിക്കും ഇത്. കൊളംബിയ, ഓസ്ട്രേലിയ, ഉക്രെയ്ൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഫെബ്രുവരി 8 ന് വത്തിക്കാനിൽ എത്തും. വിശുദ്ധ വാതിലിലൂടെയുള്ള തീർഥാടനത്തോടെയും കുമ്പസാരത്തോടെയും പരിപാടികൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ്, റോമിലെ പിയാസ ഡി പോപ്പോളോയിൽ വിവിധ ബാൻഡ് ഗ്രൂപ്പുകളുടെ സംഗീതം ഒരുക്കിയിട്ടുണ്ട്. തുടർന്ന് മാർപാപ്പയുടെ അധ്യക്ഷതയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.” സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ല പത്രസമ്മേളനത്തിൽ പറഞ്ഞു. സായുധസേനയുടെ ഈ ജൂബിലി, ഒന്നാമതായി സമാധാനത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ്, മുനിസിപ്പൽ പൊലീസ്, സുരക്ഷാ ഓപ്പറേറ്റർമാർ, മുൻ സൈനികർ, സൈനിക അസോസിയേഷനുകൾ, സൈനിക അക്കാദമികൾ, സൈനിക ഓർഡിനേറിയറ്റുകൾ എന്നീ ഗ്രൂപ്പുകളിൽ നിന്നുള്ളവരാണ് റോമിലെ ജൂബിലി പരിപാടികളിൽ പങ്കെടുക്കുന്നവർ.