
രോഗബാധിതനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർഥിച്ച് ജൂബിലി തീർഥാടകരും റോമിലെ പ്രാദേശിക കത്തോലിക്കരും. ഫെബ്രുവരി 21 ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാനും റോം സന്ദർശിക്കാനും എത്തിയ ഫ്രാൻസിലെ അവർ ലേഡി ഓഫ് നന്റസ് ഇടവകയിലെ അമ്പതോളം വരുന്ന തീർഥാടകരാണ് മാർപാപ്പയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ പ്രാർഥനയെക്കുറിച്ച് പങ്കുവച്ചത്.
“വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് പൂർണ്ണദണ്ഡ വിമോചനം പ്രാപിക്കാൻ പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടി കൂടി പ്രാർഥിക്കണമല്ലോ. ഞങ്ങൾ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുന്നു. എല്ലാം ശരിയാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ” തീർഥാടകരിൽ ഒരാളും സെമിനാരി വിദ്യാർഥിയുമായ ഐമെറിക് ഡോർ പറഞ്ഞു. റോമിലെ കത്തോലിക്കാ വിശ്വാസികളും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പരിശുദ്ധ കുർബാനകളും പ്രത്യേക പ്രാർഥനകളും അർപ്പിക്കുന്നു.
മാർപാപ്പ ചികിത്സയിൽ കഴിയുന്ന ജെമെല്ലി ആശുപത്രിയിലെ ചാപ്ലെയിൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ആശുപത്രിയിലെ ചാപ്പലിൽ ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിക്കുന്നു. സെന്റ് മേരി മേജർ ബസിലിക്കയിൽ, എല്ലാ ദിവ്യബലികളും പോപ്പിനുവേണ്ടി അർപ്പിക്കപ്പെടുന്നുണ്ടെന്ന് ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പങ്കുവച്ചു.