
സ്വാദിഷ്ടമായ പാസ്തയ്ക്കും പിസ്സയ്ക്കും പേരുകേട്ട നാടാണ് ഇറ്റലി. ഇപ്പോൾ കരകൗശല ഐസ്ക്രീമിലും ഇറ്റലി ലോകനേതാവായി മാറി. മാർച്ച് 24 ന് ആഘോഷിക്കുന്ന യൂറോപ്യൻ ആർട്ടിസാൻ ഐസ്ക്രീം ദിനത്തോടനുബന്ധിച്ച്, അടുത്ത ഞായറാഴ്ച തീർഥാടകർക്ക് മനോഹരമായ ഒരു കാഴ്ച ഒരുങ്ങുകയാണ്. ജൂബിലി വർഷത്തിൽ ‘ഹല്ലേലൂയ’ എന്ന പേരിലാണ് ഇറ്റാലിയൻ കരകൗശല വിദഗ്ധർ സൃഷ്ടിച്ച പുതിയ കരകൗശല ഐസ്ക്രീം തീർഥാടകർക്കായി ഒരുങ്ങുന്നത്. പ്രത്യാശയിൽ പ്രചോദിതമായ ഈ ഐസ്ക്രീം നിർമ്മാണ സംരഭത്തിന് നേതൃത്വം നൽകുന്നത് ഡികാസ്റ്ററി ഓഫ് ഇവാഞ്ചലൈസേഷനുമായി ചേർന്ന് കോൺഫെഡറേഷൻ ഓഫ് ആർട്ടിസാൻ ഐസ്ക്രീം മേക്കേഴ്‌സ് ഓഫ് യൂറോപ്പ് ആണ്.
പുതിയ ഐസ്ക്രീമിന്റെ രുചി തിരഞ്ഞെടുക്കുന്നതിനായി റിമിനിയിൽ ഐസ്ക്രീം, പേസ്ട്രി മേളയിൽ ഒരു മത്സരം നടത്തിയിരുന്നു. അതിൽ യൂറോപ്പിലെമ്പാടുമുള്ള 32 ഐസ്ക്രീം നിർമ്മാതാക്കൾ പങ്കെടുത്തതായി കോൺഫെഡറേഷൻ ഓഫ് ആർട്ടിസാൻ ഐസ്ക്രീം മേക്കേഴ്‌സ് ഓഫ് യൂറോപ്പ് പ്രസിഡന്റ് ബെൽമോണ്ടെ പറഞ്ഞു. “കോൺഫെഡറേഷനുമായുള്ള നിരവധി കൂടിക്കാഴ്ചകൾക്കുശേഷമാണ് ഞങ്ങൾ ‘ഹല്ലേലൂയ’ എന്ന പേര് തിരഞ്ഞെടുത്തത്. യൂറോപ്പിനെ മുഴുവൻ ഒന്നിപ്പിക്കുന്നതും ലോകമെമ്പാടും അറിയപ്പെടുന്നതുമായ ഒരു പേര് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു” – യൂറോപ്യൻ ഐസ്ക്രീം നിർമ്മാതാക്കളുടെ പ്രസിഡന്റ് വിശദമാക്കി.
മാർച്ച് 23 നു നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വത്തിക്കാനിൽനിന്ന് ഏതാനും ചുവടുകൾ അകലെയുള്ള പിയാസ ഡെൽ റിസോർജിമെന്റോയിൽ നടക്കുന്ന ഉദ്ഘാടനചടങ്ങോടെ ആരംഭിക്കും. ഇറ്റാലിയൻ ഉദ്യോഗസ്ഥരും വത്തിക്കാൻ ഡികാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് ആർച്ച്ബിഷപ്പ് റിനോ ഫിസിക്കെല്ലയും ചടങ്ങിൽ പങ്കെടുക്കും. പിന്നീട് വൈകുന്നേരം 5:30 വരെ അഞ്ച് ബൂത്തുകളിൽനിന്ന് സൗജന്യ സാമ്പിളിനായി ഹല്ലേലൂയ ഐസ്ക്രീം ലഭ്യമാകും. കൂടാതെ, താൽപര്യമുള്ളവർക്ക് പണം നൽകുകയും ചെയ്യാവുന്നതാണ്; അഞ്ച് യൂറോ ആണ് ഐസ്ക്രീമിന്റെ വില.
ഇതിൽനിന്നും സ്വരൂപിക്കുന്ന തുക ലോകമെമ്പാടുമുള്ള ഭവനരഹിതരായ കുടുംബങ്ങളെ സഹായിക്കുന്ന സെന്റ് വിൻസെന്റ് ഡി പോളിന്റെ പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ച ’13 വീടുകൾ പദ്ധതി’യിലേക്കാണ് പോകുക. ജൂബിലി വർഷത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നായി സിറിയയിൽ നിർമ്മിക്കുന്ന വീടുകൾക്ക് പ്രത്യേകിച്ച് പരിശുദ്ധ സിംഹാസനം ധനസഹായം നൽകും.