![jub](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/jub.jpg?resize=696%2C435&ssl=1)
ജൂബിലി വർഷത്തോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകർ റോമിൽ ഒത്തുചേരും. ജനുവരി 24 വെള്ളിയാഴ്ച മുതൽ ജനുവരി 26 ഞായർ വരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആശയവിനിമയ പ്രൊഫഷണലുകളും മാധ്യമപ്രവർത്തകരും ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേരും. ഈ പരിപാടിയിൽ മാധ്യമപ്രവർത്തകർക്ക് ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ഒത്തുചേരാനും അവസരം ഉണ്ടാകും.
മാധ്യമപ്രവർത്തകർ, മീഡിയ ഓപ്പറേറ്റർമാർ, വീഡിയോ നിർമാതാക്കൾ, എഡിറ്റർമാർ, ഗ്രാഫിക് ഡിസൈനർമാർ, സോഷ്യൽ മീഡിയ മാനേജർമാർ എന്നിങ്ങനെ ആശയവിനിമയരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഈ ജൂബിലി വർഷ തീർഥാടനത്തിൽ പങ്കെടുക്കും. ജനുവരി 24 ന് വൈകുന്നേരം 5:30 ന് സ്വാഗതവും ആരാധനയും തുടർന്ന് പത്രപ്രവർത്തകരുടെയും എഴുത്തുകാരുടെയും രക്ഷാധികാരി വി. ഫ്രാൻസിസ് ഡി സെയിൽസിന്റെ തിരുനാളിനോടനുബന്ധിച്ച് ലാറ്ററൻ ബസിലിക്കയിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ മാധ്യമപ്രവർത്തകർ പങ്കെടുക്കും.
25-ാം തീയതി ശനിയാഴ്ച, 8:00 ന് (പ്രാദേശിക സമയം) സെന്റ് പീറ്റർ ബസലിക്കയിൽ വിശുദ്ധ വാതിൽ കടക്കും. തുടർന്ന് വിശുദ്ധ കുർബാനയ്ക്കുശേഷം ഫിലിപ്പിനോ പത്രപ്രവർത്തകയായ മരിയ റെസ്സയുടെയും ഐറിഷ് എഴുത്തുകാരൻ കോളം മക്കന്റെയും നേതൃത്വത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ വത്തിക്കാനിലേക്ക് പോകും. പ്രാദേശിക സമയം 12.30 ന് പോൾ ആറാമൻ ഹാളിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും.
ജനുവരി 26 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ രാവിലെ 9:30 ന് (പ്രാദേശിക സമയം) ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ നടക്കുന്ന ദൈവവചന ഞായറാഴ്ചയിലെ വിശുദ്ധ കുർബാനയിലും അവർ പങ്കെടുക്കും.