മാധ്യമപ്രവര്‍ത്തനം ഒരു വിളിയും നിയോഗവും: ഫ്രാൻസിസ് പാപ്പ

വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവർത്തകരുടേതെന്ന് ഫ്രാൻസിസ് പാപ്പ. പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും സമൂഹത്തിൽ കൂട്ടായ്മ വളർത്താനും വർത്തമാനകാലകാര്യങ്ങളിൽ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവർത്തകർക്കുള്ളത്. വത്തിക്കാൻ വാർത്താവിനിമയ കാര്യാലയത്തിലെ പ്രവർത്തകർക്ക് ഒക്ടോബർ 31 ന് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, മാധ്യമപ്രവർത്തകർ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചത്.

വത്തിക്കാന്റെ ആശയവിനിമയ ഡിക്കാസ്റ്ററിയിൽ ജോലിചെയ്യുന്നവർ എന്ന നിലയിൽ സത്യംകൊണ്ട് അര മുറുക്കി, നീതിയുടെ കവചം ധരിച്ച്, സമാധാനത്തിന്റെ സുവിശേഷം പരത്താനും സഭാകൂട്ടായ്മ വളർത്താനും നിങ്ങൾക്ക് ചുമതലയുണ്ടെന്ന് പാപ്പ ഓർമിപ്പിച്ചു. ആളുകളെയും സംസ്കാരങ്ങളെയും ബന്ധപ്പെടുത്താനും ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ശരിയായി വിലയിരുത്താനും അത് മറ്റുള്ളവരിലേക്കെത്തിക്കാനും കഴിവുള്ള ഒരു മാധ്യമപ്രവർത്തനമാണ് വത്തിക്കാനിലെ മാധ്യമപ്രവർത്തനമേഖലയിൽ താൻ സ്വപ്നംകാണുന്നതെന്ന് പാപ്പ പറഞ്ഞു. സാമ്പത്തികബുദ്ധിമുട്ടുകളുടെയും ചെലവുചുരുക്കലുകളുടെയും ഇടയിലും 53 ഭാഷകളിലായി വത്തിക്കാൻ മീഡിയ നൽകുന്ന സേവനങ്ങളിൽ പാപ്പ സന്തോഷം പ്രകടിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.