അവർ വീണ്ടും ഒത്തുചേർന്നു; ജിംഗിൾ ബെൽസിന്റെ താളത്തിൽ!

കൈനിറയെ ചുവപ്പും വെള്ളയും വർണ്ണബലൂണുകളുമായി സാന്താക്ലോസിനോടൊപ്പം അവർ നൃത്തമാടി. ജീവിതത്തിലെ പരിമിതികളെ നിഷ്കളങ്കമായ പുഞ്ചിരി കൊണ്ട് നേരിടുന്ന ഒരു കൂട്ടം ഭിന്നശേഷിക്കാർ. തങ്ങളുടെ ഉള്ളം അവർക്കായി പകുത്ത കന്യാസ്ത്രീ അമ്മമാരും പ്രിയപ്പെട്ട അധ്യാപകരും മാതാപിതാക്കളും അവരോടൊപ്പം ചുവടു വച്ചപ്പോൾ തികച്ചും വ്യത്യസ്തമായൊരു ക്രിസ്തുമസ് ആഘോഷത്തിന് വേദിയാവുകയായിരുന്നു അങ്കമാലി ഡീ പോൾ ഓഡിറ്റോറിയം.

സാമൂഹ്യപ്രവർത്തന വിദ്യാർത്ഥികൾ, തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി വിവിധ സ്പെഷ്യൽ സ്കൂളുകൾ സന്ദർശിച്ചപ്പോൾ അവരെ അമ്പരപ്പിച്ച കലാപ്രകടനങ്ങൾക്ക് സാക്ഷിയാവുകയുണ്ടായി. അവർക്കൊരു പൊതുവേദി ഉണ്ടാക്കണം എന്ന ആശയം ‘ജിംഗിൾ ബെൽസ്’ എന്ന പേരിൽ ഒരു വലിയ പ്രോഗ്രാമായി മാറുന്നത് 2011- ലാണ്. തങ്ങൾ ആരംഭിച്ച ഈ പ്രോഗ്രാം ഇന്നും നിലനിൽക്കുന്നതും മറ്റ് സന്നദ്ധസംഘടനകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതും  കാണുമ്പോൾ വലിയ സന്തോഷവും ചരിതാർത്ഥ്യവും അനുഭവപ്പെടുന്നുണ്ടെന്ന് ആദ്യത്തെ കോഡിനേറ്റർ ഡോ. സേവ്യർ വിനയരാജ് പറഞ്ഞു.

സമൂഹത്തിന്റെ മുഖ്യധാരയുമായി ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ബന്ധപ്പെടുത്തുന്ന ഒരു പാലമായി ഇത്തരം പ്രോഗ്രാമുകൾ മാറുന്നു എന്ന് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ അധ്യാപിക സി. ഷാലറ്റ് സി എം.സി. അഭിപ്രായപ്പെട്ടു. വിൻസെൻഷൻ സഭയുടെ മേരിമാതാ പ്രൊവിൻസ് സാമൂഹ്യപ്രവർത്തന വിഭാഗം കൗൺസിലർ റവ. ഫാ. ജോസഫ് സ്രാമ്പിക്കൽ വിസി ‘ജിംഗിൾ ബെൽസ്’ ഉൽഘാടനം ചെയ്തു.

ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റിൽ എത്തിയ വിദ്യാർത്ഥികളും അദ്ധ്യാപകരും ജിംഗിൾ ബെൽസിന്റ ഭാഗമായി. പ്രിൻസിപ്പൽ റവ. ഡോ. ജോൺ മംഗലത്ത് വിസി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾമാരായ ഫാ. മാത്യു മാളിയേക്കൽ വിസി, റവ. ഡോ. റോബിൻ ചിറ്റുപ്പറമ്പിൽ വിസി, ഫിനാൻസ് ഡയരക്ടർ ഫാ ലിന്റോ പുതുപ്പറമ്പിൽ വിസി,ഡോ. ജെസ്സി എൽ, സിബിൻ ആൻ്റണി, ജോജോ ജോസ് അമൻറ്റസ് മരിയ, സൈജു ജോസ് തുടങ്ങിയവർ സംസരിച്ചു. കരോൾ ഗാന മത്സരം, സംഘനൃത്തം, പുൽക്കൂട് മത്സരം, മികച്ച സാന്താക്ലോസിനെ തിരഞ്ഞെടുക്കൽ തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. സ്‌നേഹവിരുന്നും സമ്മാനങ്ങളും നൽകിയാണ് ഡിസ്റ്റ് കുടുംബം അവരെ യാത്രയാക്കിയത്.

സമാപന ചടങ്ങിൽ ഗായികയും അവതാരികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ അഞ്ചു എബ്രഹാം മുഖ്യഥിതിയായിരുന്നു. അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്ത കലാമത്സരങ്ങളിൽ സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.