![Jerusalem’s-Church-leaders,-Archbishop-of-Canterbury,-restraint,-Gaza](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/Jerusalems-Church-leaders-Archbishop-of-Canterbury-restraint-Gaza.jpg?resize=696%2C435&ssl=1)
ഗാസയിലെ സെന്റ് പോർഫിറിയോസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്കുസമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചുകൊണ്ട് കാന്റർബറി ആർച്ചുബിഷപ്പ് ജസ്റ്റിൻ വെൽബിയും ജറുസലേമിലെ പാത്രിയാർക്കീസും സഭാമേധാവികളും രംഗത്തെത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ സംയമനം സ്ഥാപിക്കുക, സംഘർഷം കുറയ്ക്കുക, സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജറുസലേമിലെ സഭാനേതാക്കളും കാന്റർബറിയിലെ ആർച്ചുബിഷപ്പ് വെൽബിയും ചേർന്ന് സംയുക്തപ്രസ്താവന പുറത്തിറക്കിയത്.
പ്രസ്താവനയിൽ, സാധാരണക്കാരുടെ മരണത്തിനു കാരണമായ ആക്രമണത്തെക്കുറിച്ച് സഭാനേതാക്കൾ അപലപിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി അഭയാർഥികൾ അഭയംതേടിയ രണ്ട് പള്ളി ഹാളുകളാണ് തകർക്കപ്പെട്ടത്. അപ്രതീക്ഷിത ആക്രമണത്തിൽ ഒമ്പതു കുട്ടികളുൾപ്പെടെ പതിനെട്ടുപേരുടെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. “നമ്മുടെ ജീവകാരുണ്യസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഒഴിപ്പിക്കാനുള്ള, നിരന്തരമായ സൈനിക ആവശ്യങ്ങളുടെ പശ്ചാത്തലത്തിൽപോലും ഞങ്ങൾ ഈ ക്രിസ്തീയദൗത്യം ഉപേക്ഷിക്കില്ല. കാരണം ഈ നിരപരാധികൾക്ക് മാറാൻ മറ്റൊരു സുരക്ഷിതസ്ഥലമില്ല. ആവശ്യമുള്ള ആളുകൾക്ക് സഹായംനൽകാനുള്ള തങ്ങളുടെ കടമ നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്” – സഭാമേധാവികൾ പങ്കുവച്ചു.
യുദ്ധക്കെടുതിയിൽ കഴിയുന്ന സാധാരണക്കാർക്ക് സംരക്ഷണം ഉറപ്പാക്കുക എന്ന ദൗത്യം സഭയ്ക്ക് ഒറ്റയ്ക്കു നിർവഹിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള അഭയകേന്ദ്രങ്ങൾക്ക് ഗാസയിൽ സംരക്ഷണം ഏർപ്പെടുത്താനുള്ള ആവശ്യവും സഭാനേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.