ഗാസയിലേക്ക് മാനുഷികസഹായം അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ജറുസലേമിലെ സഭാമേധാവികൾ

ഗാസയിലേക്ക് മാനുഷികസഹായം അനുവദിക്കണമെന്ന് ജറുസലേമിലെ പാത്രിയർക്കീസും സഭാതലവന്മാരും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 13 -ന് പങ്കുവച്ച പ്രസ്താവനയിലാണ്, ഗാസയിലേക്ക് ഭക്ഷണവും മെഡിക്കൽ ഉല്പന്നങ്ങളും എത്തിച്ചുനൽകാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടത്.

“നീതിക്കുവേണ്ടി പ്രവർത്തിക്കുമ്പോഴും നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ഈ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു” – കത്തോലിക്ക, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാനേതാക്കളുടെ സംയുക്തപ്രസ്താവനയിൽ പങ്കുവച്ചു. വിശുദ്ധ ഭൂമിയിൽ കഴിഞ്ഞ ഒരാഴ്ചയായി സാധാരണക്കാരായ ജനങ്ങൾ നീതീകരിക്കാനാകാത്ത ആക്രമണങ്ങളിലൂടെ കടന്നുപോകുകയാണ്. ഇസ്രയേലിനുനേരെ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതിനെതുടർന്ന് ഗാസയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഇസ്രയേൽ ഗാസയ്‌ക്കെതിരെയുള്ള ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. ഒക്ടോബർ 14 മുതൽ വൈദ്യുതി, ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയ്ക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇപ്പോൾ ഉപരോധം ശക്തമാക്കിക്കൊണ്ട് മാനുഷികസഹായവുമായി എത്തുന്ന ട്രക്കുകൾക്കുനേരെ ബോംബാക്രമണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

“നിരപരാധികളായ ആയിരക്കണക്കിന് സാധാരണ ജനങ്ങൾക്ക് വൈദ്യചികിത്സയും അടിസ്ഥാന സാമഗ്രികളും ലഭിക്കുന്നതിന് മാനുഷികസഹായങ്ങൾ ഗാസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ഞങ്ങൾ ഇസ്രായേൽ രാഷ്ട്രത്തോട് ആവശ്യപ്പെടുന്നു” – സഭാനേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.