![jerusalem-latin-patriarch,-consecrate,-holy-land,-virgin-mary](https://i0.wp.com/www.lifeday.in/wp-content/uploads/2023/11/jerusalem-latin-patriarch-consecrate-holy-land-virgin-mary.jpg?resize=696%2C435&ssl=1)
യുദ്ധങ്ങളും അരക്ഷിതാവസ്ഥയും രൂക്ഷമായ വിശുദ്ധനാടിനെ മറിയത്തിന്റെ വിമലഹൃദയത്തിനു സമർപ്പിച്ച് ജറുസലേമിന്റെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയെർബാത്തിസ്ത പിത്സബാല്ല. നരകുലം സമാധാനസരണിയിൽ നിന്ന് അകന്നിരിക്കയാണെന്നും സമീപകാലദുരന്തങ്ങളിലും യുദ്ധം ജീവനെടുത്ത ദശലക്ഷക്കണക്കിന് ആളുകളുടെ ത്യാഗങ്ങളിലുംനിന്ന് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോരാട്ടങ്ങൾക്കും ബലഹീനതകൾക്കുമിടയിലും തിന്മയുടെയും യുദ്ധത്തിന്റേതുമായ അനീതിയുടെ നിഗൂഢതയുടെ മധ്യത്തിലും ദൈവം തന്റെ ജനത്തെ ഒരിക്കലും കൈവിടില്ലെന്നും അവരെ സ്നേഹത്തോടെ നോക്കുന്നുവെന്നും പരിശുദ്ധ അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അവൾ തന്റെ വിമലഹൃദയത്തെ സഭയ്‌ക്കും അഖിലമനുഷ്യരാശിക്കും അഭയകേന്ദ്രമാക്കുകയും ചെയ്യുന്നുവെന്നും പാത്രിയാർക്കീസ് പ്രസ്താവിച്ചു.
കാനായിലെ കല്യാണവേളയിൽ വീഞ്ഞ് തീർന്നപ്പോൾ പരിശുദ്ധ അമ്മ സ്വപുത്രനായ യേശുവിനോട് ‘അവർക്ക് വീഞ്ഞില്ല’ എന്നുപറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. പ്രതീക്ഷയുടെ വീഞ്ഞ് തീരുകയും ആനന്ദം അപ്രത്യക്ഷമാകുകയും സാഹോദര്യം പരാജയപ്പെടുകയും മനുഷ്യൻ സ്വന്തം മനുഷ്യത്വം മറന്ന് സമാധാനം എന്ന ദാനം പാഴാക്കിക്കളയുകയും ചെയ്തിരിക്കുന്ന ഈ ഘട്ടത്തിൽ പരിശുദ്ധ അമ്മയുടെ മാതൃസഹായം തങ്ങൾക്ക് ഏറെ ആവശ്യമാണെന്ന് പാത്രിയർക്കീസ് തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.
പ്രാർഥനയുടെയും പ്രായശ്ചിത്തപ്രവർത്തികളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം തങ്ങളിൽ ഉളവാക്കുന്നതിനും നീതിയും സത്യവുമനുസരിച്ച് തീരുമാനങ്ങളെടുക്കുകയും പൊതുനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നതിന് ലോകനേതാക്കളെയും രാഷ്ട്രങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നവരെയും നയിക്കുന്നതിനുംവേണ്ടി പാത്രിയാർക്കീസ് കർദിനാൾ പിത്സബാല്ല പ്രാർഥിക്കുകയും ചെയ്തു.