ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം: കത്തോലിക്ക കോൺഗ്രസ്

ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ. ബി. കോശിയുടെ നേതൃത്വത്തിൽ പഠിച്ച് സമർപ്പിച്ച റിപ്പോർട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവസമൂഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്തുവിടുമെന്ന് മന്ത്രിമാർ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്. റിപ്പോർട്ട് പുറത്തുവിടാൻ ഒരു പഠനത്തിന്റെയും ആവശ്യമില്ല. എന്നിട്ടും സർക്കാർ അതിനു തയ്യാറാകാത്തത് ദുരൂഹമാണ്. ശുപാർശകളിലെ വിവരങ്ങൾ പൂർണ്ണമായും പുറത്തുവന്നെങ്കിൽ മാത്രമേ അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുബന്ധവിവരങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. അതിന്റെ കൂടെ അടിസ്ഥാനത്തിൽ ക്രൈസ്തവസമുദായത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രചർച്ചകൾ നടത്തി മുൻഗണന നിശ്ചയിച്ചുവേണം ശുപാർശകൾ നടപ്പിലാക്കേണ്ടത്.

അതിനു തയ്യാറാകാതെ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ട് തികച്ചും ഏകപക്ഷീയമായി ഉദ്യോഗസ്ഥരെ ഏല്പിച്ച് റിപ്പോർട്ട് നടപ്പിലാക്കുന്നു എന്ന പുകമറ സൃഷ്ടിക്കുന്നത് അവകാശലംഘനവും തികഞ്ഞ അനീതിയുമാണ്. റിപ്പോർട്ട് പൂർണ്ണരീതിയിൽ പ്രസിദ്ധീകരിക്കാതെയും അതിലെ വിശദാംശങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള സമൂഹം പൂർണ്ണതോതിൽ മനസ്സിലാക്കാൻ അവസരം നൽകാതെയും, റിപ്പോർട്ടിലെ എട്ടാം അധ്യായത്തിലെ ശുപാർശകൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷവകുപ്പ് മന്ത്രി അബ്ദു റഹ്മാൻ പറയുന്നത് അംഗീകരിക്കാനാകില്ല. നടപടികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന് നിയമസഭയിൽ മന്ത്രി പറഞ്ഞ ചോദ്യോത്തര മറുപടി നിയമസഭയെ തന്നെ തെറ്റിധരിപ്പിക്കുന്നതാണ്. മാസങ്ങളായി നിയമസഭയിലും മറ്റുള്ളവർക്കും ഇതേ മറുപടി നൽകുന്നതല്ലാതെ ജെ. ബി. കോശി കമ്മീഷൻ നടപ്പിലാക്കാൻ ആത്മാർഥമായി ന്യൂനപക്ഷ വകുപ്പ് ശ്രമിക്കുന്നില്ല എന്നും കത്തോലിക്ക കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി വ്യക്തമാക്കി.

ക്രൈസ്തവ ന്യൂനപക്ഷക്ഷേമത്തിനുള്ള ഈ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്നതും അതിന്മേൽ പൊതുചർച്ച നടത്താൻ തയ്യാറാകാത്തതും എന്തുകൊണ്ടാണെന്ന് ന്യൂനപക്ഷവകുപ്പ് വ്യക്തമാക്കണം. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പഠിച്ച് പ്രയോഗികനിർദേശം ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയ്ക്ക് സമർപ്പിക്കാൻ രൂപീകരിച്ച സബ് കമ്മിറ്റി രൂപീകൃതമായിട്ട് ഏഴുമാസമായിട്ടും മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല എന്നതും കുറ്റകരമായ അലംഭാവമാണ് എന്ന് യോഗം പ്രസ്താവിച്ചു. ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ വി. വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ. എം. ഫ്രാൻസിസ്, ട്രീസ ലിസ് സെബാസ്റ്യൻ, ബെന്നി ആന്റണി, രാജേഷ് ജോൺ, ഡോ. കെ. പി. സാജു, തോമസ് ആൻറണി, ജോമി കൊച്ചുപറമ്പിൽ, തമ്പി എരുമേലിക്കര, ആൻസമ്മ സാബു, ജേക്കബ് നിക്കോളാസ്, ടോമിച്ചൻ അയ്യരുകുളങ്ങര, ജോർജുകുട്ടി പുന്നക്കുഴി എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.