ഉക്രൈൻ ജനതയ്ക്കുവേണ്ടി പുനരധിവാസ പദ്ധതിയുമായി ഇറ്റലിയിലെ കാരിത്താസ് സംഘടന

യുദ്ധത്താൽ വലയുന്ന ഉക്രൈനിലെ ജനങ്ങൾക്ക് അടിയന്തരസഹായം നല്കാനും ആ ജനതയെ പുനരധിവസിപ്പിക്കാനുമായി കത്തോലിക്കാ സഭയുടെ സന്നദ്ധസംഘടനയായ കാരിത്താസിന്റെ ഇറ്റലിയിലെ ശാഖ പുതിയ പദ്ധതികളുമായി എത്തുന്നു. സൂപെർ (S.U.P.E.R – Support Ukrainian Population for the Emergency and Rehabilitation) എന്നപേരിലെത്തുന്ന ഈ പദ്ധതിയിലൂടെ 17 കോടി 30 ലക്ഷത്തോളം രൂപയാണ് ഉക്രൈനിലെ ജനങ്ങൾക്കായി മാറ്റിവയ്ക്കുന്നത്.

വികസന സഹകരണത്തിനായുള്ള ഇറ്റാലിയൻ വിഭാഗത്തിന്റെ സാമ്പത്തികസഹായം ഇറ്റാലിയൻ കാരിത്താസ് നടപ്പാക്കുന്ന ഈ പദ്ധതിക്കുണ്ട്. കൂടാതെ, സലേഷ്യൻ സന്യാസ സമൂഹം, കാരിത്താസ് സ്പേസ് സംഘടന, ഉക്രൈൻ കാരിത്താസ്, ഉക്രൈനിലെ പൊൾത്താവ്, കമിയാൻസ്കെ, ഖാർക്കിവ് എന്നിവിടങ്ങളിലെ പ്രാദേശിക കാരിത്താസ് സംഘടനകളും ഈ പദ്ധതിയിൽ കൈകോർക്കുന്നു.

റഷ്യ ഉക്രൈനുനേർക്കു നടത്തുന്ന ആക്രമണംമൂലം പതിനായിരങ്ങളാണ് പലായനത്തിനു നിർബന്ധിതരായിരിക്കുന്നത്. ഭക്ഷണം, ജലം, ഔഷധങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ അഭാവം രൂക്ഷമാണ്. അന്നാട്ടിൽ മാനവജീവിതം ദുരിതപൂർണ്ണമായിരിക്കയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇറ്റലിയിലെ കാരിത്താസ് സംഘടന ‘സൂപെർ’ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.