വേനൽക്കാലത്ത് ഉക്രേനിയൻ കുട്ടികളെയും യുവാക്കളെയും സ്വാഗതം ചെയ്ത് ഇറ്റലിയിൽനിന്നുള്ള നിരവധി കുടുംബങ്ങൾ. കാരിത്താസ് ഇറ്റലിയും ഇറ്റാലിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ (CEI) ഫാമിലി പാസ്റ്ററൽ കെയറിനായുള്ള നാഷണൽ ഓഫീസും പ്രോത്സാഹിപ്പിക്കുന്ന ‘ടുഗെദർ ഈസ് മോർ ബ്യൂട്ടിഫുൾ’ പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം.
കാരിത്താസ് സ്‌പെസ്, കാരിത്താസ് ഉക്രൈൻ, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ സെക്രട്ടേറിയറ്റ്, ഉക്രൈനിലെ ന്യൂൺഷിയേച്ചർ, ഇറ്റലിയിലെ ഉക്രേനിയൻ എംബസികൾ, വത്തിക്കാൻ എന്നിവയും ഉൾപ്പെട്ട ഈ പദ്ധതി ഇപ്പോൾ മൂന്നാം വർഷവും തുടരുകയാണ്. നിരവധി രൂപതകളുമായി സഹകരിച്ച്, ഉക്രൈനിൽ നിന്നുള്ള 730 കുട്ടികൾക്ക് ഇറ്റലിയിലെ കുടുംബങ്ങൾ അവരുടെ ഭവനം തുറന്നുനൽകി. ഇത് അവരുടെ രാജ്യത്തെ നശിപ്പിക്കുന്ന യുദ്ധത്തിൽനിന്ന് ആ കുട്ടികൾക്ക് കുറച്ചു മാസത്തേക്ക് രക്ഷപെടാനുള്ള അവസരവും കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
2022-ൽ 218 ഉക്രേനിയൻ കുട്ടികളും 2023-ൽ 542 കുട്ടികളും ഈ സംരംഭത്തിന്റെ ഭാഗമായി. യുദ്ധം, അക്രമം, ബോംബുകൾ വർഷിക്കുന്ന രാത്രികൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് ഈ അവസരം വലിയ ആശ്വാസമാണെന്നും കർദിനാൾ മത്തിയോ സൂപ്പി വെളിപ്പെടുത്തി.