![Israeli-women](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/Israeli-women.jpg?resize=696%2C435&ssl=1)
ഹമാസ് ഭീകരരുടെ കൈയ്യിൽനിന്നും തന്റെ മാതാപിതാക്കളുടെ ജീവൻ രക്ഷിച്ച, മീര, സവിത എന്നീ രണ്ടു മലയാളികൾ, തങ്ങൾ പരിചരിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ കാണിച്ച ധൈര്യത്തെയും ജോലിയോടുള്ള അവരുടെ അർപ്പണബോധത്തെയും പ്രശംസിച്ചുകൊണ്ട് ഒരു ഇസ്രയേൽക്കാരി യുവതി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. ഹമാസ് ഭീകരർക്കെതിരെ പൊരുതിനിന്ന് ജീവന്റെ സംരക്ഷകരായി മാറിയ ഈ യുവതികളെ പ്രശംസിച്ചുകൊണ്ടിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു:
കേരളത്തിൽ നിന്നുള്ള മീര, സവിത എന്ന രണ്ടുപേർ എന്റെ പ്രിയപ്പെട്ട ഇറ്റായുടെ മാതാപിതാക്കളുടെ ജീവൻ രക്ഷിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്കെതിരെ മണിക്കൂറുകളോളം അവർ പോരാടി. കിബ്ബൂട്ട്സിലെ അവരുടെ അയൽവാസികളിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തു. സംഭവശേഷം അവർ പറഞ്ഞ അതിജീവനത്തിന്റെ കഥ ഞങ്ങളെ ഞെട്ടിച്ചു. തീർച്ചയായും അവർ ആഘാതത്തിലാണ്. എങ്കിലും മാതാപിതാക്കളെ ഇപ്പോഴും പഴയതുപോലെതന്നെ നല്ല രീതിയിൽ ശുശ്രൂഷിക്കുന്നു. വിദേശത്തുനിന്നു വന്നവരും ഈ ഭയാനകമായ ആഘാതം അനുഭവിച്ചുവെന്ന് നാം അറിയുകയും ഓർക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അവരുടെ വേദനയ്ക്കും ഇടംനൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ഞങ്ങൾ അവരെ പരിപാലിക്കുന്നു, അവർ സുരക്ഷിതരും പരിരക്ഷിതരുമാണ്. അത് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. മീര, സവിത… നിങ്ങളാണ് യഥാർഥ ഹീറോകൾ. നിങ്ങൾ അവർക്കു നൽകുന്ന ഊഷ്മളമായ ശ്രദ്ധയ്ക്കും സ്നേഹത്തിനും പ്രത്യേക നന്ദി. എന്റെ പ്രിയപ്പെട്ടവരെ സുരക്ഷിതരായി എന്നിലേക്ക് തിരികെനൽകിയതിന് ലോകസ്രഷ്ടാവിന് വീണ്ടും നന്ദി.