“അവരുടെ ജീവൻ രക്ഷിക്കൂ”: ഹമാസ് ഭീകരരുടെ തടവിലായ പിതാവിനെ രക്ഷിക്കാൻ അഭ്യർഥിച്ച് ഇസ്രായേലി വനിത

അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാരെ തടവിലാക്കിയിരിക്കുകയാണ് ഹമാസ് ഭീകരർ. തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചുള്ള വ്യാപകമായ റിപ്പോർട്ടുകൾക്കിടയിൽ, പ്രിയപ്പെട്ടവരെ ബന്ധപ്പെടാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലി യുവതി രംഗത്തെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം (എം.എഫ്.എ) നടത്തിയ പത്രസമ്മേളനത്തിലാണ് 40 -കാരിയായ ഇസ്രായേൽ പൗരയായ നോം പെറി, ഭീകകർ തടവിലാക്കിയ തന്റെ പിതാവിനെയും പ്രിയപ്പെട്ടവരെയും മോചിപ്പിക്കാൻവേണ്ടി ലോകരാഷ്ട്രങ്ങളോട് സഹായം ആവശ്യപ്പെട്ടത്.

“ഡസൻകണക്കിന് ഭീകരർ കിബ്ബട്ട്സിൽ അതിക്രമിച്ചുകയറി താമസക്കാരെ കശാപ്പുചെയ്യാൻ തുടങ്ങി. അവർ എന്റെ സുഹൃത്തുക്കളെയും സ്വന്തക്കാരെയും കൊലപ്പെടുത്തി. പരിക്കേൽക്കാതെ ശേഷിക്കുന്ന ഒരു കുടുംബവും കിബ്ബൂട്ട്സിൽ ഇല്ല. ശനിയാഴ്‌ചമുതൽ എന്റെ പിതാവിൽ നിന്നോ, കിബ്ബട്ട്‌സിലെ മറ്റ് തട്ടിക്കൊണ്ടുപോയ അംഗങ്ങളിൽ നിന്നോ ഒരു വിവരവും ലഭ്യമല്ല. ഞാനിന്ന് ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോകുന്നത്” – നോം പറയുന്നു.

നോം താമസിച്ചിരുന്ന കിബ്ബട്ട്സിലെ കാണാതായ 80 അംഗങ്ങളിൽ തന്റെ പിതാവും ഉൾപ്പെടുന്നുവെന്ന് പെറി പറഞ്ഞു. തന്റെ വീട്ടിൽ ഹമാസ് ആക്രമണകാരികളെ നേരിട്ടപ്പോൾ പിതാവ് മുന്നിൽനിന്ന് ചെറുക്കുകയും അമ്മയ്ക്ക് ഒളിക്കാൻ സമയം നൽകുകയുമായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം തീവ്രവാദികളുടെ കൈകളിലകപ്പെട്ടത്.

ഹമാസിന്റെ ഭീകരതയ്ക്കും ക്രൂരതയ്ക്കുമെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരണവുമായി രംഗത്തെത്തുകയാണ്. ബുധനാഴ്ച, ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രതിവാര പൊതുസദസ്സിൽ ‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’ എന്ന് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.