ഗാസ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്ന കരാറിനും ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകി

ഇസ്രായേൽ ഗവൺമെന്റ് പ്രസ്സ് ഓഫീസ് ‘യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണയ്ക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് കരാറിന് അംഗീകാരം നൽകി. ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ഇസ്രായേൽ സർക്കാർ അംഗീകരിച്ചു. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

രാത്രി വൈകിയും മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാർ കരാറിനെതിരെ വോട്ട് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, “യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണയ്ക്കുന്നു” എന്നുപറഞ്ഞ് കരാർ അംഗീകരിക്കാൻ സുരക്ഷാ കാബിനറ്റ് നേരത്തെ ശുപാർശ ചെയ്തിരുന്നു.

വെടിനിർത്തൽ കരാർ പൂർത്തിയായതായി മധ്യസ്ഥരായ ഖത്തറും യു. എസും ഈജിപ്തും പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുശേഷം കരാറിന്റെ വിശദാംശങ്ങൾ അന്തിമമാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസും ഹമാസും പറഞ്ഞു.

കരാർപ്രകാരം, 15 മാസത്തെ സംഘർഷത്തിനുശേഷവും ഗാസയിൽ ഹമാസ് കൈവശം വച്ചിരിക്കുന്ന 33 ഇസ്രായേലി ബന്ദികളെ ആറാഴ്ച നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീൻ തടവുകാർക്കു പകരമായി കൈമാറും.

ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽനിന്ന് ഇസ്രായേലി സേനയും പിൻവാങ്ങും. കുടിയിറക്കപ്പെട്ട പ ലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കും. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക, സുസ്ഥിരമായ ശാന്തത പുനഃസ്ഥാപിക്കുക എന്നീ രണ്ടാം ഘട്ട ചർച്ചകൾ പതിനാറാം ദിവസം ആരംഭിക്കും. മൂന്നാമത്തെതും അവസാനത്തെതുമായ ഘട്ടത്തിൽ ഗാസയുടെ പുനർനിർമാണവും ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.