15 മാസത്തെ യുദ്ധത്തെ തുടർന്ന് ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും ഇസ്രായേലും ഹമാസും സമ്മതിച്ചതായി അറിയിച്ച് മധ്യസ്ഥരായ ഖത്തറും യു. എസും. ഇസ്രയേൽ മന്ത്രിസഭ അംഗീകരിക്കുന്ന മുറയ്ക്ക് കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.
ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുകയും പലസ്തീൻ പൗരന്മാർക്ക് ആവശ്യമായ മാനുഷികസഹായം വർധിപ്പിക്കുകയും ബന്ദികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും എന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കരാറിന്റെ അന്തിമ വിശദാംശങ്ങൾക്കായി ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു. കരാറിന്റെ പ്രോത്സാഹനത്തിന് അദ്ദേഹം യു. എസ്. പ്രസിഡന്റ് ജോ ബൈഡന് നന്ദി പറഞ്ഞു.
2023 ഒക്‌ടോബർ ഏഴിന് 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്‌ത അഭൂതപൂർവമായ അതിർത്തി കടന്നുള്ള ആക്രമണത്തിനു മറുപടിയായി ഹമാസിനെ നശിപ്പിക്കാൻ ഇസ്രായേൽ ആരംഭിച്ച ആക്രമണമാണ് ഇതിന്റെ തുടക്കം. ഇസ്രായേലും യു. എസും. ഹമാസിനെ ഒരു തീവ്രവാദസംഘടനയായി കണ്ട് നിരോധിച്ചിരിക്കുന്നു.അതിനുശേഷം ഗാസയിൽ 46,700 ലധികം ആളുകൾ കൊല്ലപ്പെട്ടതായി പ്രദേശത്ത് ഹമാസ് നടത്തുന്ന ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.3 ദശലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെട്ടു, വ്യാപകമായ നാശനഷ്ടമുണ്ട്, ആവശ്യമുള്ളവർക്ക് സഹായം ലഭിക്കാനുള്ള പോരാട്ടം കാരണം ഭക്ഷണം, ഇന്ധനം, മരുന്ന്, പാർപ്പിടം എന്നിവയുടെ കടുത്ത ക്ഷാമവുമുണ്ട്.
ബന്ദികളാക്കിയവരിൽ 94 പേർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണെന്നും അവരിൽ 34 പേർ മരിച്ചതായി കരുതപ്പെടുന്നുവെന്നും ഇസ്രായേൽ പറയുന്നു. കൂടാതെ, യുദ്ധത്തിനുമുമ്പ് തട്ടിക്കൊണ്ടുപോയ നാല് ഇസ്രായേലികളുണ്ട്; അവരിൽ രണ്ട് പേർ കൊല്ലപ്പെട്ടു.