നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ 33 ക്രൈസ്തവരെ കൊലപ്പെടുത്തി. ഫുലാനി തീവ്രവാദികളും ഏതാനും ചില മുസ്ലീം തീവ്രവാദി സംഘടനകളും ചേർന്നാണ് രുൻജി ഗ്രാമത്തിലെ ക്രൈസ്തവർക്കു നേരെ ആക്രമണം അഴിച്ചുവിട്ടത്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച കൊലപാതക പരമ്പര, ഞായറാഴ്ച പുലർച്ച വരെ നീണ്ടുനിന്നു.
കട്ടഫ് കൗണ്ടിയിൽ ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന രുൻജി എന്ന ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ ശനിയാഴ്ച പത്തു മണിയോടു കൂടിയാണ് ആക്രമണം ആരംഭിച്ചത്. രുൻജിയിൽ തീവ്രവാദികൾ ക്രൈസ്തവരുടെ വീടുകൾ അഗ്നിക്കിരയാക്കിയിരിന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. 40 വീടുകൾ തകർക്കപ്പെട്ടുവെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന സൂചന. രുൻജി ഗ്രാമത്തിൽ തന്നെ നാല് ദിവസങ്ങൾക്കു മുമ്പ് രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് ക്രൈസ്തവർക്കെതിരെ ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.
രുൻജി ഗ്രാമത്തിൽ കൊല ചെയ്യപ്പെട്ടവരുടെ മൃതസംസ്കാര ശുശ്രൂഷ ഇന്നലെ (തിങ്കളാഴ്ച) നടന്നു. സൊങ്കുവാ ആംഗ്ലിക്കൻ ബിഷപ്പ് ജേക്കബ് ക്വാശി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.