
കൻസാസിലെ, കൻസാസ് സിറ്റി അതിരൂപതയിൽ ശുശ്രൂഷ ചെയ്തിരുന്ന ഇന്ത്യൻ മിഷനറിയായ കത്തോലിക്കാ പുരോഹിതനെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെമഹ കൗണ്ടി ഷെരീഫ് ഓഫീസ് പ്രകാരം, ഫാദർ അരുൾ കരസാലയെ വെടിവച്ച കേസിൽ കൊലപാതകക്കുറ്റം ചുമത്തി ഗാരി ഹെർമെഷിനെ, നെമഹ കൗണ്ടി ജയിലിൽ കസ്റ്റഡിയിലെടുത്തു.
ഏപ്രിൽ മൂന്നിന് ഉച്ചയ്ക്ക് സെനെക്കയിലെ സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് പള്ളിയിൽ വച്ചാണ് ഫാ. കാരസാലയ്ക്ക് വെടിയേറ്റത്. കൻസാസ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ പത്രക്കുറിപ്പ് പ്രകാരം, നെമഹ വാലി കമ്മ്യൂണിറ്റി ആശുപത്രിയിൽ വച്ച് ഫാ. കാരസാല മരിച്ചു. വെടിവയ്പ്പിനുള്ള കാരണം വ്യക്തമല്ല. കൊലപാതകം നടത്തിയ 66 കാരനായ ഹെർമെഷ്, ഒക്ലഹോമയിലെ തുൾസയിൽ താമസിക്കുന്നയാളാണെന്ന് റിപ്പോർട്ടുണ്ട്.
“ഫാ. കാരസാല 20 വർഷത്തിലേറെയായി നമ്മുടെ അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ച ഒരു സമർപ്പിതനും തീക്ഷ്ണതയുള്ള വൈദികനുമായിരുന്നു. ക്രിസ്തുവിനോടും സഭയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹം തന്റെ ജനത്തെ വളരെ ഉദാരതയോടെയും കരുതലോടെയും ശുശ്രൂഷിച്ചതിൽ നിന്ന് വ്യക്തമായിരുന്നു”- കൻസാസ് സിറ്റി ആർച്ചുബിഷപ്പ് ജോസഫ് നൗമാൻ പറഞ്ഞു.