തിരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിന് ആശംസകൾ നേർന്ന് കർദിനാൾ പരോളിൻ. ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിലായിരുന്നു കർദിനാൾ, അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന് ആശംസകൾ നേർന്നത്.
“ട്രംപിന് ഞങ്ങൾ ജ്ഞാനം നേരുന്നു. കാരണം, അത് വിശുദ്ധ ബൈബിളിലെ നേതാക്കളുടെ പ്രധാന ഗുണമാണ്. തന്റെ ലോകത്തെ രക്തരൂക്ഷിതമായ സംഘർഷങ്ങളിൽ നിർഭയത്വത്തിന്റെയും സമാധാനത്തിന്റെയും ഒരു ഘടകമാകാൻ അദ്ദേഹത്തിനു കഴിയും.” കർദിനാൾ പരോളിൻ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന നിരവധി യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് നാടുകടത്തുമെന്നുള്ള അദ്ദേഹത്തിന്റെ വാഗ്ദാനത്തെക്കുറിച്ചും ജീവന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ട്രംപിന്റെ നിലപാടുകളെക്കുറിച്ചും മാധ്യമപ്രവർത്തകർ കാർദിനാളിനോട് ചോദിച്ചു.
ട്രംപിന്റെ നിലപാടുകളിൽ വത്തിക്കാനുള്ള യോജിപ്പും വിയോജിപ്പും വ്യക്തമാക്കിക്കൊണ്ട് എല്ലായിപ്പോഴും പൊതുനന്മയ്ക്കും ലോകത്തിന്റെ സമാധാനത്തിനും വേണ്ടി സംവാദം നടത്തുവാനും കൂടുതൽ സമവായമായ തീരുമാനങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുമെന്നും കർദിനാൾ വ്യക്തമാക്കി.