നൈജീരിയയിൽ തീവ്രവാദികൾ ഒരു സെമിനാരിക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി. സെപ്തംബർ 7 -ന് സെന്റ് റാഫേൽ ഫദൻ കമന്തൻ ഇടവക ആക്രമിക്കുകയും റെക്‌ടറി അഗ്നിക്കിരയാക്കുകയും ചെയ്തു. ഈ അവസരത്തിൽ റെക്‌ടറിയിൽ അകപ്പെട്ട നഅമാൻ ദൻലാമി കൊല്ലപ്പെടുകയായിരുന്നു.
സംഭവം, തട്ടിക്കൊണ്ടുപോകൽ ശ്രമമാണെന്നും കുറ്റകൃത്യം നടത്തിയവർ ഇസ്ലാമിസ്റ്റ് ഫുലാനി തീവ്രവാദികളാണെന്നും സ്ഥിരീകരിച്ചതായി കഫഞ്ചാൻ രൂപത അറിയിച്ചു. ഇടവക വികാരിയായ ഫാ. ഇമ്മാനുവൽ ഒക്കോലോയ്ക്കും അദ്ദേഹത്തിന്റെ സഹായിയായ 25 -കാരനായ സെമിനാരിക്കാരനും ആക്രമണത്തിൽനിന്നും രക്ഷപെടാൻ കഴിഞ്ഞു. ഇടവകവികാരിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു അക്രമികളുടെ ലക്ഷ്യം. അദ്ദേഹത്തിന്റെ വസതിയിൽ കയറാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അവർ തീയിട്ടു എന്ന് എ.സി.ഐ ആഫ്രിക്ക റിപ്പോർട്ട് ചെയ്തു.
“ആക്രമണം ഒരു മണിക്കൂറിലധികം നീണ്ടു. പക്ഷേ, സൈനികസേനയിൽനിന്ന് പ്രതികരണമോ, പിന്തുണയോ ഉണ്ടായില്ല. ഒരു കിലോമീറ്റർ അകലെ ഒരു ചെക്ക്‌പോസ്റ്റുണ്ട്. എന്നാൽ അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. നൈജീരിയൻ പൗരന്മാർ സുരക്ഷിതരല്ല. സുരക്ഷാസേനയിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രയോജനവുമില്ല” – കഫൻചാനിലെ ബിഷപ്പ് ജൂലിയസ് യാക്കൂബു കുണ്ടി വെളിപ്പെടുത്തി.