ബുർക്കിന ഫാസോയിലെ തീവ്രവാദ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വൈദികരെക്കാൾ കൂടുതൽ മതബോധന പരിശീലകരെയാണെന്ന് കായ രൂപതയിലെ മതബോധന പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ ഫാ. എഡ്ഗാർഡ് ഔഡ്രാഗോ.
“ബുർക്കിന ഫാസോയിലെ സഭയുടെ ധീരന്മാരാണ് മതബോധന പരിശീലകർ. വൈദികരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് മൂലം സ്വന്തം ജീവിതത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിൽപോലും ഗ്രാമങ്ങളിലും കുടിയിറക്കപ്പെട്ടവരുടെ ക്യാമ്പുകളിലും വിശ്വാസികളുടെ ഇടയിലും നെടുംതൂണായി മാറുന്നത് അവരാണ്” – ഫാ. ഔഡ്‌റോഗോ പറയുന്നു.
“വൈദികരുടെ അഭാവത്തിൽ ഞായറാഴ്ച പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നതും മതബോധനം പഠിപ്പിക്കുന്നതും ജപമാല ചൊല്ലാനും പ്രാർഥിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗികൾക്കുവേണ്ടി പ്രാർഥിക്കുകയും ഒക്കെ ചെയ്യുന്നത് ഈ മതബോധന പരിശീലകരാണ്. നമ്മുടെ രാജ്യത്ത് മതബോധന പരിശീലകർ ഇല്ലാതെ നമുക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
ബുർക്കിന ഫാസോയിൽ 2015 ലാണ് ഭീകരാക്രമണങ്ങൾ ആരംഭിച്ചത്. 2021 ൽ അഫ്ഗാനിസ്ഥാൻ, ഇറാഖ്, സൊമാലിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം തീവ്രവാദ ഭീകരത ബാധിച്ച നാലാമത്തെ രാജ്യമായി ബുർക്കിന ഫാസോയെ യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിലയിരുത്തി. ജെ. എൻ. ഐ. എം., ഐ. എസ്. ഐ. എസ്. – ജി. എസ്., അൻസറൂൾ ഇസ്ലാം തുടങ്ങിയ ഇസ്ലാമിക സംഘടനകളാണ് ആക്രമണം നടത്തുന്നത്.