2025 ൽ ജൂബിലിയോട് അനുബന്ധിച്ച് റോമിലെ ജയിലിലും വിശുദ്ധ വാതിൽ തുറക്കുമെന്ന് മാർപാപ്പ

2025 ലെ ജൂബിലിയോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ തുറക്കുന്ന ‘വിശുദ്ധ വാതിൽ’ റോമിലെ റെബിബിയയിലെ ജയിലിലും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച്, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ പ്രീഫെക്ട് ആർച്ച്ബിഷപ്പ് സാൽവത്തോർ റിനോ ഫിസിചെല്ല. ലോകത്തിലുള്ള എല്ലാ ജയിലുകളുടെയും പ്രതീകമായാണ് റോമിലെ ജയിലിൽ മാർപാപ്പ വിശുദ്ധ വാതിൽ തുറക്കുന്നത്.

കഷ്ടതയുടെ അവസ്ഥയിൽ ജീവിക്കുന്ന നിരവധി സഹോദരീസഹോദരന്മാർക്ക് പ്രത്യാശയുടെ അടയാളമായി മാറുക എന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പ റെബിബിയ ജയിലിലേക്കു പോകുന്നത്. ജൂബിലിവർഷത്തിൽ പ്രത്യാശ പുനഃസ്ഥാപിക്കുന്ന സംരംഭങ്ങൾ ഏറ്റെടുക്കണമെന്ന് മാർപാപ്പ ഗവൺമെന്റുകളോട് നിർദേശിച്ചു.

ഡിസംബർ 24 ന് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുമെന്നും തുടർന്ന് ഉദ്ഘാടനകർമം നിർവഹിക്കുമെന്നും വാർത്താസമ്മേളനത്തിൽ ബിഷപ്പ് സാൽവത്തോർ പങ്കുവച്ചു. റോമിൽത്തന്നെയുള്ള ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോമൻ മതിലിനു പുറത്തുളള വി. പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളിലും ജൂബിലിവര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ വാതില്‍ തുറക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.