
മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്ക് സമുദ്രമാർഗം എത്തുന്ന കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. യുദ്ധത്തിന്റെ ഭീഷണിയിൽനിന്നും മറ്റു ജീവിതദുരിതങ്ങളിൽ നിന്നും രക്ഷതേടി ജോലിക്കുവേണ്ടി കടൽ കടന്ന് യൂറോപ്പിലേക്ക് എത്തുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.
സംഘടനയിലെ അംഗങ്ങൾ നടത്തുന്ന നിസ്വാർഥമായ സേവനങ്ങൾക്ക് ഫ്രാൻസിസ് പാപ്പ നന്ദിയർപ്പിച്ചു. ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരുടെ അടുത്തെത്തി മനുഷ്യജീവനുകളെ രക്ഷിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു പാപ്പ പറഞ്ഞു. ഇപ്രകാരം നീണ്ട യാത്രകൾക്കൊടുവിൽ യൂറോപ്പിൽ എത്തുന്നവരെ സ്വീകരിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. നിർബന്ധിത കുടിയേറ്റങ്ങൾ പലപ്പോഴും ദുരന്തമായി മാറിയപ്പോഴും അവരുടെ സംരക്ഷണത്തിനായി യാതൊരു വിവേചനവും നിസ്സംഗതയും കൂടാതെ, മനുഷ്യന്റെ അന്തസ്സും അതുല്യതയും മാത്രം കണക്കിലെടുത്തുകൊണ്ട് സംഘടന നടത്തിയ പ്രവർത്തനങ്ങളെ പാപ്പ പ്രത്യേകം അനുസ്മരിച്ചു.
ഇന്ന് കുടിയേറ്റക്കാർ നേരിടുന്ന ചൂഷണങ്ങളുടെയും അടിമത്തത്തിന്റെയും ദുരുപയോഗങ്ങളുടെയും ഭയാനകമായ അവസ്ഥകളെ എടുത്തുപറഞ്ഞ പാപ്പ, ഇവരുടെ സംരക്ഷണത്തിനായി സർക്കാർ അധികാരികൾ ഉത്തരവാദിത്വപൂർണ്ണമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരെ രക്ഷിക്കുന്നതിനും സ്വാഗതം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി എടുക്കുന്ന നടപടികളെ സഭ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. കുടിയേറ്റക്കാരുടെ സഹായിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് എല്ലാവരെയും സമർപ്പിച്ചു പ്രാർഥിച്ചുകൊണ്ടാണ് പാപ്പ തന്റെ വാക്കുകൾ ഉപസംഹരിച്ചത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്