
‘ഞാൻ ദൈവത്തിന്റെ മുമ്പിൽ മാത്രമേ മുട്ടുകുത്തുകയുള്ളൂ’ മെക്സിക്കോയിൽ കൊല്ലപ്പെട്ട ഫാ. ഡൊണാൾഡ് മാർട്ടിന്റെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു. ഫെബ്രുവരി 14-ന് വൈകുന്നേരം ഒരു കമാൻഡോയും പത്ത് സായുധ അംഗങ്ങളും മെക്സിക്കോയിലെ കാൻഗി താവ് ഗ്രാമത്തിലെ (സാഗിംഗ് മേഖലയിലെ ഷ്വേ ബോ ജില്ലയിൽ) ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിന്റെ റെക്ടറിയിൽ എത്തി. മാൻഡലെ അതിരൂപതയിലെ 44-കാരനായ ഫാ. ഡൊണാൾഡ് മാർട്ടിനെ അവർ ഭീഷണിപ്പെടുത്തി. ആ സമയം ദൈവാലയ പരിസരത്ത് ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾ ആക്രമണം നേരിട്ട് കണ്ടിരുന്നു.
ഇടവകയിലെ 40 ഓളം കത്തോലിക്കാ കുടുംബങ്ങളിലെ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കാൻ വൈദികനെ സഹായിച്ചുകൊണ്ടിരുന്ന പള്ളി പരിസരത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും അധ്യാപകരെയും ഇടവക പ്രവർത്തകരെയുമാണ് ഇവർ ആദ്യം ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയത്. ഫാ. ഡൊണാൾഡ് കൊല്ലപ്പെട്ട സമയത്ത് ദൈവാലയ പരിസരത്ത് ഉണ്ടായിരുന്നതും സുരക്ഷാ കാരണങ്ങളാൽ ഇപ്പോൾ ഒളിവിൽ കഴിയുന്നതുമായ രണ്ട് സ്ത്രീകളാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. ഫാ. ഡൊണാൾഡിനെ ആക്രമിച്ചവർ ലഹരി ഉപയോഗിച്ച കാരണം അസാധാരണമായ ഒരു മാനസികാവസ്ഥയിലായിരുന്നുവെന്ന് സ്ത്രീകൾ റിപ്പോർട്ട് ചെയ്തു. “അവർ അയൽ ഗ്രാമത്തിൽ നിന്നാണ് വന്നത്. അവർ ഫാ. ഡൊണാൾഡിനോട് മുട്ടുകുത്താൻ ആവശ്യപ്പെട്ടു. ഫാദർ ഡൊണാൾഡ് അവരോട് വളരെ ശാന്തയോടും സൗമ്യതയോടും കൂടി മറുപടി പറഞ്ഞു: “ഞാൻ ദൈവത്തിന്റെ മുമ്പിൽ മാത്രമേ മുട്ടുകുത്തുകയുള്ളൂ. ഞാൻ എന്താണ് നിങ്ങൾക്കുവേണ്ടി ചെയ്യേണ്ടത്? നമുക്ക് സംസാരിച്ചാൽ തീരാവുന്ന കാര്യമല്ലേയുള്ളൂ.”
ഫാ. ഡൊണാൾഡിന്റെ വാക്കുകൾക്ക് മറുപടിയായി ഒരാൾ ഉറയിൽ ഉണ്ടായിരുന്ന ഒരു കഠാര കൊണ്ട് അദ്ദേഹത്തെ പിന്നിൽ നിന്ന് അടിച്ചു. ഫാദർ ഡൊണാൾഡും ഇതിനെ പ്രതിരോധിക്കുകയും ഈ ആയുധം ഉപയോഗിച്ച് അബദ്ധത്തിൽ ആ സംഘത്തിന്റെ നേതാവിന് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മദ്യലഹരിയിലായിരുന്ന നേതാവ് രോഷാകുലനായി ഫാ. ഡൊണാൾഡിനെ ആക്രമിക്കുകയും ശരീരത്തിലും കഴുത്തിലും ക്രൂരമായി പലതവണ കുത്തുകയുമായിരുന്നു. ഫാ. ഡൊണാൾഡ് ഒരക്ഷരം മിണ്ടുകയോ ബഹളം വെയ്ക്കുകയോ ചെയ്തില്ല. അക്രമം നേരിട്ടുകണ്ട സാക്ഷികൾ പറയുന്നതുപോലെ, ‘അറക്കുവാൻ കൊണ്ടുപോകുന്ന ആട്ടിൻകുട്ടിയെപ്പോലെ’ അദ്ദേഹം നിശബ്ദം എല്ലാം സഹിച്ചു.
കഴുത്തിന് ആവർത്തിച്ച് വെട്ടേറ്റതിനെ തുടർന്ന് ശരീരത്തിൽ നിന്ന് തല ഏതാണ്ട് വേർപെട്ടു. മരണം ഉറപ്പാക്കിയ ശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്ന ആ വൈദികനെ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു.
സ്ത്രീകൾ അലാറം ഉയർത്തി ഗ്രാമവാസികളെ വിവരമറിയിച്ചു. തുടർന്ന് പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ സൈനികർ ജാഗ്രത പാലിക്കുകയും അക്രമികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് സ്ത്രീകളുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി നാഷണൽ യൂണിറ്റി ഗവൺമെന്റിന് അയച്ചു.
മെക്സിക്കൻ സൈന്യവും വിമത സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളാൽ ബാധിതമായ സാഗിംഗ് മേഖലയിൽ, ഭരണകൂട സംവിധാനം ആകെ തകർന്ന അവസ്ഥയിലാണ്. ഇവിടെ പൊതു സേവനങ്ങളൊന്നുമില്ല, ഇടവകകളുടേത് പോലുള്ള സ്വതസിദ്ധമായ സംരംഭങ്ങൾ മാത്രമേ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുനൽകുന്നുള്ളൂ.