
രോഗാവസ്ഥയുടെ ഈ കാലഘട്ടത്തിൽ കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞെന്ന് ഫ്രാൻസിസ് മാർപാപ്പ. 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വത്തിക്കാനിലേക്ക് മടങ്ങുന്നതിനു മുൻപായി പൊതുസദസ്സിനൊപ്പമുള്ള ത്രികാലജപ പ്രാർഥനയ്ക്കായി തയ്യാറാക്കിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.
“സുഖം പ്രാപിക്കാനായുള്ള നീണ്ട കാലഘട്ടത്തിൽ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തരമായ പരിചരണത്തിലും രോഗികളുടെ കുടുംബങ്ങളുടെ പരിചരണത്തിലും പ്രതിഫലിക്കുന്ന കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞു” മാർപാപ്പ വ്യക്തമാക്കി. മാർച്ച് 23ന് വത്തിക്കാനിലെ മാർപാപ്പയുടെ വസതിയായ സാന്ത മാർത്തയിലേക്ക് പോകുമെങ്കിലും രണ്ടുമാസത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ഇസ്രായേൽ ബോംബാക്രമണം പുനരാരംഭിച്ചതിലുള്ള ദുഃഖവും മാർപാപ്പ തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.