
മാർച്ച് 25 ചൊവ്വാഴ്ച ഗാസയിൽ ഹമാസിന്റെ ഭരണത്തിനും യുദ്ധത്തിനുമെതിരായി പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികൾ തെരുവിൽ ഇറങ്ങി. മൂന്ന് ഇടങ്ങളിലായാണ് പ്രതിഷേധം നടന്നത്. രാഷ്ട്രീയ എതിർപ്പുകളെ തീവ്രവാദ ഗ്രൂപ്പ് പലപ്പോഴും അക്രമാസക്തമായാണ് അടിച്ചമർത്തുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ ഉള്ള പ്രതിഷേധം അപൂർവമായ ഒരു സംഭവമാണ്.
വടക്കൻ ഗാസ മുനമ്പിലെ ബെയ്റ്റ് ലാഹിയയിലെ നൂറോളം നിവാസികൾ ആണ് പ്രതിഷേധവുമായി ഇറങ്ങിയത്. യുദ്ധം അവസാനിപ്പിക്കാനും ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തായിരുന്നു പ്രതിഷേധം. “യുദ്ധം നിർത്തുക”, “പലസ്തീനിലെ കുട്ടികൾ ജീവിക്കാൻ ആഗ്രഹിക്കുന്നു” എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ, “ഹമാസിനെ പുറത്താക്കുക”, “ഹമാസ് ഭീകരർ”, “ജനങ്ങൾ ഹമാസിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നു,” എന്നിങ്ങനെ ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് ചില വീഡിയോയിൽ കാണാം.
വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥിക്യാമ്പിൽ മറ്റൊരു യുദ്ധവിരുദ്ധ-ഹമാസ് വിരുദ്ധ പ്രകടനം നടത്തി. ഡസൻ കണക്കിന് പ്രകടനക്കാർ ടയറുകൾ കത്തിച്ച് “ഞങ്ങൾക്ക് ഭക്ഷണം കഴിക്കണം” എന്ന് ആക്രോശിച്ചു. പ്രതിഷേധ വാർത്തകൾ പരന്നതോടെ, ഗാസയിലുടനീളം മറ്റ് പ്രകടനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതിൽ തെക്കൻ നഗരമായ ഖാൻ യൂനിസിലും ഉണ്ടായിരുന്നു.