മജുഗോറിയയിലെ മരിയൻ തീർഥാടന കേന്ദ്രത്തിന് പരിശുദ്ധസിംഹാസനത്തിന്റെ അംഗീകാരം

സുദീർഘമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം മജുഗോറിയ മരിയൻ തീർഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട ആത്മീയനന്മകൾ അംഗീകരിച്ചുകൊണ്ട് പരിശുദ്ധ സിംഹാസനം സുപ്രധാനമായ രേഖ പുറത്തിറക്കി. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരപ്രകാരം, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ തീർഥാടന കേന്ദ്രത്തിന് പരിശുദ്ധസിംഹാസനം അംഗീകാരം നൽകി.

മജുഗോറിയയിലെ ഇടവകയിൽ പരിശുദ്ധ അമ്മയോടുള്ള പൊതുവണക്കം അനുവദിച്ച പരിശുദ്ധ സിംഹാസനം പക്ഷെ, ഡികാസ്റ്ററി പുറത്തുവിട്ട “നുള്ള ഒസ്‌താ” എന്ന രേഖയിൽ, മജുഗോറിയയിൽ ‘അമാനുഷികമായ’ എന്തെങ്കിലും ഉണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നില്ല. ലോകം മുഴുവനും നിന്നുള്ള തീർത്ഥാടകർ മജുഗോറിയയിലേക്ക് എത്തുന്നത് എടുത്തുപറയുന്ന പരിശുദ്ധസിംഹാസനത്തിന്റെ രേഖ, ആരോഗ്യകരമായ വിശ്വാസജീവിതത്തിലേക്ക് നയിക്കുന്ന കാര്യങ്ങളാണ് മജുഗോറിയ മുന്നോട്ടുവയ്ക്കുന്നതെന്ന് അനുസ്മരിക്കുന്നു.

നിരവധിയാളുകളാണ് ഈ ഭക്തികേന്ദ്രത്തിൽ വിശ്വാസം തിരികെ കണ്ടെത്തി പരിവർത്തനത്തിലേക്ക് എത്തിയതെന്ന് പരിശുദ്ധസിംഹാസനം വെളിപ്പെടുത്തി. നിരവധി രോഗശാന്തികളും, കുടുംബഅനുരഞ്ജനങ്ങളും ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് പറയപ്പെടുന്നു. മജുഗോറിയ ഇടവക ആരാധനയുടെയും, പ്രാർത്ഥനയുടെയും, യുവജനനസംഗമങ്ങളുടെയും ഇടമായി മാറിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികൾ ഉൾപ്പെടെയുള്ള ആളുകൾ ഇവിടേക്കെത്തുന്നുണ്ട്.

പ്രാദേശികസഭകളോട്, ഈ സന്ദേശങ്ങൾക്ക് പിന്നിലെ അജപാലനമൂല്യം തിരിച്ചറിയാനും, അവയിലെ അദ്ധ്യാത്മികപ്രചോദനം ഏവരിലേക്കുമെത്തിക്കുന്നതിന് ശ്രമിക്കാനും പരിശുദ്ധ സിംഹാസനം നിർദ്ദേശിച്ചു. മജുഗോറിയയിലേക്ക് തീർത്ഥാടനം നടത്തുന്നവരോട്, അവിടെ, പരിശുദ്ധ അമ്മയുടെ സന്ദേശം സ്വീകരിക്കുന്നവരെ കാണാനല്ല, മറിച്ച്, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയെ കണ്ടുമുട്ടാനാണ് നിങ്ങൾ പോകേണ്ടതെന്നും പരിശുദ്ധ സിംഹാസനം ഓർമ്മിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.