തിരുക്കല്ലറയുടെ ബസലിക്കയിൽ, യേശുവിന്റെ ശരീരം അഭിഷേകം ചെയ്യപ്പെട്ടയിടത്തുനിന്ന് രക്തവും എണ്ണയും പുറപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം വ്യാപാകമായി പ്രചരിച്ച വീഡിയോ വ്യാജമാണെന്നു വ്യക്തമാക്കി ഫ്രാൻസിസ്കൻ വൈദികസമൂഹം. അത്തരമൊരു അമാനുഷികപ്രതിഭാസം നിലവിൽ ഇവിടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശുദ്ധനാട്ടിലെ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട ഇടങ്ങളുടെ സംരക്ഷണച്ചുമതലയ്ക്ക് മേൽനോട്ടംവഹിക്കുന്ന സംഘം വെളിപ്പെടുത്തി. വിശുദ്ധനാടുകളുടെ കസ്റ്റോഡിയൻ എന്നപേരിൽ നിയമിക്കപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്കൻ വൈദികസമൂഹം ഇതുസംബന്ധിച്ച് തയ്യാറാക്കിയ പത്രക്കുറിപ്പിലാണ് ദൃശ്യങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരമൊരു വാർത്ത സംബന്ധിച്ച് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന്, വിശുദ്ധനാട്ടിൽ ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രമുഖ ഇടങ്ങളുടെ ചുമതലയുള്ള ഈ സമൂഹം വിശദീകരിച്ചു. കുരിശിൽ തറയ്ക്കപ്പെട്ടുമരിച്ച ക്രിസ്തുവിന്റെ ശരീരം, യഹൂദപാരമ്പര്യമനുസരിച്ച് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ലേപനംചെയ്യപ്പെട്ട ഇടത്തുനിന്ന് എണ്ണയും രക്തവും പുറപ്പെടുന്നുവെന്ന രീതിയിൽ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിച്ച വീഡിയോ സംബന്ധിച്ച വാർത്തയെക്കുറിച്ച് പ്രതികരിക്കവെയാണ്, ഇതിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് വിശുദ്ധനാടിന്റെ കസ്റ്റോഡിയൻ അറിയിച്ചത്.
യേശുവിന്റെ തിരുശരീരം കിടത്തിയ ഇവിടെയുള്ള ശിലാഫലകം എല്ലാദിവസവും സുഗന്ധദ്രവ്യങ്ങളാൽ ലേപനംചെയ്യപ്പെടുന്നുണ്ട് എന്നും വിശ്വാസികൾ തൂവാലകളോ, മറ്റു വസ്ത്രങ്ങളോ ഉപയോഗിച്ച് ഇത് ശേഖരിക്കാറുണ്ട് എന്നും ക്രിസ്തുവിന്റെ മരണത്തിന്റെ സ്‌മരണയിലാണ് ഇത് ചെയ്യപ്പെടുന്നതെന്നും സഭാവൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ വീഡിയോയിൽ പറയുന്നതുപോലെയുള്ള അമാനുഷികമായ പ്രതിഭാസങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. സംഭവത്തിൽ വിശുദ്ധനാടിന്റെ കസ്റ്റോഡിയന്മാരായ ഒരു ഫ്രാൻസിസ്കൻ വൈദികനും ഉൾപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണംചെയ്യുന്ന ഇത്തരം കപടവാർത്തകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് എന്നും അവയ്ക്കുപിന്നിലെ യാഥാർഥ്യങ്ങൾ തിരിച്ചറിയപ്പെടണമെന്നും ഫ്രാൻസിസ്കൻ സമൂഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.