കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടുംബാഭിവൃദ്ധി ശില്പശാല സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സമൂഹത്തിന്റെ പ്രാഥമിക തലങ്ങളായ കുടുംബങ്ങളെ നന്മയിലേക്ക് നയിക്കുക എന്നതും അതോടൊപ്പം കുടുംബങ്ങളിലെ വിവിധ പ്രായത്തിൽ ഉള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ആശയ രൂപീകരണം നടത്തുകയും അതിലൂടെ ലഭിക്കുന്ന ആശയങ്ങൾ സമൂഹത്തിന്റ ഉന്നമനത്തിനായി ഉപയുക്തമാക്കുക എന്നതുമാണ് കുടുംബാഭിവൃദ്ധി ശില്പശാല കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീർനാകുന്നേൽ നിർവഹിച്ചു. ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡൻറ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ എബ്രാഹം, ജസ്റ്റിൻ നന്ദികുന്നേൽ,അനിമേറ്റർ എൽസമ്മ തോമസ്, ഉഷ ഗോപി, ലിസി ജോസ്, എന്നിവർ പ്രസംഗിച്ചു. ശില്പശാലക്ക് ഇടുക്കി ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് നേതൃത്വം നൽകി.