1944 ൽ നാസി ഭരണകൂടം വധിച്ച കത്തോലിക്കാ പുരോഹിതനായ ഫാ. മാക്സ് ജോസഫ് മെറ്റ്‌സ്‌ജറിനെ നവംബർ 17 ന് ജർമനിയിലെ ഫ്രീബർഗിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സമാധാനത്തിനും ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഫ്രെയ്‌ബർഗ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധിയായി ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കുർട്ട് കോച്ച് നേതൃത്വം നൽകിയതായി രൂപത റിപ്പോർട്ട് ചെയ്തു.
ഒന്നാം ലോക മഹായുദ്ധസമയത്ത് സൈനിക ചാപ്ലിനായി സേവനമനുഷ്ഠിച്ച ഫാ. മെറ്റ്‌സ്‌ഗർ, യുദ്ധത്തിന്റെ ഭീകരതയ്ക്ക് സാക്ഷ്യം വഹിച്ചതിനുശേഷം രാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള വക്താവായി. 1917 ൽ അദ്ദേഹം ഒരു ‘അന്താരാഷ്ട്ര മതസമാധാന പരിപാടി’ വികസിപ്പിച്ചെടുത്തു. “ജനങ്ങൾക്കും രാഷ്ട്രങ്ങൾക്കും ഇടയിലുള്ള സമാധാനം അദ്ദേഹത്തിന്റെ മഹത്തായ അഭിനിവേശമായി മാറി” – കർദിനാൾ കോച്ച് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
സമാധാനത്തിനും ക്രിസ്ത്യൻ ഐക്യത്തിനും വേണ്ടിയുള്ള ഫാ. മെറ്റ്‌സ്‌ഗറിന്റെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണെന്ന് കർദിനാൾ ഊന്നിപ്പറഞ്ഞു. നാസി ഭരണകൂടം അധികാരം നേടിയതോടെ ഫാ. മെറ്റ്‌സ്‌ഗർ എക്യുമെനിക്കൽ പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെട്ടു. 1938 ൽ ക്രിസ്ത്യൻ ഐക്യത്തിനായുള്ള ഉന സാങ്‌റ്റ പ്രസ്ഥാനത്തിന്റെ പ്രമോട്ടറായി. ഫാ. മെറ്റ്‌സ്‌ഗറിന്റെ സമാധാന പ്രവർത്തനങ്ങളെയും യുദ്ധത്തെക്കുറിച്ചുള്ള പരസ്യവിമർശനത്തെയും നാസി അധികാരികൾ അവരുടെ പ്രത്യയശാസ്ത്രത്തിനെതിരായ രാജ്യദ്രോഹമായി വീക്ഷിച്ചു. പലതവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1943 ഒക്ടോബർ 14 ന് പീപ്പിൾസ് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയും 1944 ഏപ്രിൽ 17 ന് ബ്രാൻഡൻബർഗ്-ഗോർഡൻ ജയിലിൽവച്ച് ഗില്ലറ്റിൻ ഉപയോഗിച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു.
ജയിൽ ചാപ്ലിൻ പീറ്റർ ബുച്ചോൾസിന്റെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ആരാച്ചാർ പറഞ്ഞു, ‘ഈ കത്തോലിക്കാ പുരോഹിതനെപ്പോലെ തിളങ്ങുന്ന കണ്ണുകളോടെ ഒരു വ്യക്തി മരണത്തിലേക്കു പോകുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ല.”
1887 ൽ ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റ് മേഖലയിലെ ഷോപ്ഫീമിൽ ജനിച്ച മെറ്റ്‌സ്‌ഗർ, ഫ്രീബർഗ് അതിരൂപതയിൽ രൂപതാ വൈദികനായി സേവനമനുഷ്ഠിച്ചു. 1928 ൽ ക്രൈസ്റ്റ് ദി കിംഗ് സൊസൈറ്റിയുടെ ആസ്ഥാനം സ്ഥാപിച്ച ബവേറിയയിലെ ഓഗ്സ്ബർഗിനടുത്തുള്ള മെയ്റ്റിംഗൻ എന്ന സ്ഥലത്താണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.