ജർമനിയിലെ ക്രിസ്തുമസ് മാർക്കറ്റിലെ ആക്രമണം: കൊല്ലപ്പെട്ട ഒൻപതു വയസ്സുകാരന് ആദരാഞ്ജലികളർപ്പിച്ച് ലോകം

ജർമൻ ക്രിസ്തുമസ് മാർക്കറ്റിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഒൻപതു വയസ്സുള്ള ആൺകുട്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകം. ആൻഡ്രെ ഗ്ലെസ്നർ എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്. വെള്ളിയാഴ്ച വൈകുന്നേരം മാഗ്ഡെബർഗിലെ മാർക്കറ്റിൽ വ്യാപാരികൾക്കും ആളുകൾക്കുമിടയിലേക്ക് കാർ ഓടിച്ചുകയറ്റിയായിരുന്നു ആക്രമണം നടന്നത്.

ആൻഡ്രെയുടെ അമ്മയുടെ പേരിലുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ആ കുട്ടിയെ “എന്റെ ചെറിയ ടെഡി ബിയർ” എന്നു വിളിക്കുകയും അവൻ “എല്ലായ്‌പ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും” എന്ന് പറയുകയും ചെയ്തു. മാഗ്ഡെബർഗിൽനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്താവുന്ന വാർലെയിലെ കുട്ടികളുടെ അഗ്നിശമനസേനയിലെ അംഗമായിരുന്നു ആൻഡ്രെ. അഗ്നിശമനത്തിൽ താൽപര്യമുള്ള, ആറു മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി തുറന്നിരിക്കുന്ന ഒരു യുവജനസംഘടനയാണ് കുട്ടികളുടെ അഗ്നിശമനസേന.

“ഞങ്ങളുടെ ചിന്തകൾ ആൻഡ്രെയുടെ ബന്ധുക്കൾക്കൊപ്പമാണ്. ദുഷ്കരമായ ഈ സമയത്ത് അവരെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സമയങ്ങളിൽ ഞങ്ങൾ അവരുടെ പക്ഷത്ത് നിൽക്കുകയും ഞങ്ങളുടെ അഗാധമായ അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുന്നു” – പ്രസ്താവനയിൽ അവർ പറയുന്നു. ലോവർ സാക്സണി യൂത്ത് ഫയർ ബ്രിഗേഡും ഒൻപതു വയസ്സുകാരന് ആദരാഞ്ജലി അർപ്പിച്ചു.

45, 52, 67, 75 വയസ്സുള്ള നാല് സ്ത്രീകളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊലപാതകം, കൊലപാതകശ്രമം, അപകടകരമായ ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങൾക്ക് ഉദ്യോഗസ്ഥർ പ്രതിയായി അറസ്റ്റ് ചെയ്ത ഡോക്ടറിനെ വിചാരണയ്ക്കുമുമ്പുള്ള തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.