
നിരീശ്വരവാദിയും സൈനിക ഡോക്ടറും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഫാ. അഗസ്റ്റിനോ ജെമെല്ലിയാണ് പ്രശസ്തമായ ജെമെല്ലി ഹോസ്പിറ്റൽ സ്ഥാപിച്ചത്. ‘ഇരട്ടകൾ’ എന്ന് അർഥം വരുന്ന ‘ജെമെല്ലി’ എന്ന പേര് ആദ്യകാല ക്രിസ്ത്യാനികളിലെ വൈദ്യശാസ്ത്ര വിശുദ്ധരായ കോസ്മാസ്, ഡാമിയൻ എന്നിവരെ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും ഈ ആശുപത്രി സ്ഥാപിച്ചത് അഗസ്റ്റിനോ ജെമെല്ലി എന്ന ഒരൊറ്റ വ്യക്തിയാണ്.
അഗസ്റ്റിനോ ജെമെല്ലി എന്ന പേര് സ്വീകരിച്ച എഡോർഡോ ജെമെല്ലി 1878 ൽ മിലാനിലാണ് ജനിച്ചത്. മതവിശ്വാസത്തെ പൂർണ്ണമായും നിരാകരിച്ചുജീവിച്ച കുടുംബത്തിൽ നിന്നാണ് എഡോർഡോ വിശ്വാസിയായി തീർന്നത്. പാവിയ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കുമ്പോൾ ലുഡോവിക്കോ നെച്ചി എന്ന ഭക്തനായ കത്തോലിക്കന്റെ സൗഹൃദം എഡോർഡോയുടെ ജീവിതത്തിൽ വഴിത്തിരിവായി. അദ്ദേഹത്തിന്റെ ആഴത്തിലുള്ള തത്വചിന്താപരമായ സംഭാഷണങ്ങളും ശാസ്ത്രീയമായ ചർച്ചകളും എഡോർഡോയുടെ ചിന്താഗതികളെ മാറ്റിമറിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിൽ സൈനിക ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോഴുണ്ടായ ഒരു അനുഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായത്. മിലാനിലെ ഒരു ആശുപത്രിയിൽ കുഷ്ഠരോഗം ബാധിച്ച് വിരൂപനായ ഒരു സൈനികൻ അദ്ദേഹത്തോട്, “എന്റെ അമ്മ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നെ ചുംബിച്ചേനെ. താങ്കൾക്ക് അതിനു സാധിക്കുമോ?” എന്നുചോദിച്ചു. ഈ ചോദ്യം എഡോർഡോയെ ആഴത്തിൽ സ്പർശിക്കുകയും അദ്ദേഹം ആ മനുഷ്യനെ ചുംബിക്കുകയും ചെയ്തു. ഈ ലളിതമായ സംഭവം അദ്ദേഹത്തിൽ ഒരു ആത്മീയ ഉണർവിനു കാരണമായി.
1903 ലാണ് എഡോർഡോ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചതും ഫ്രാൻസിസ്കൻ സന്യാസിയാകാൻ തീരുമാനമെടുത്തതും. കുടുംബത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് അദ്ദേഹം സന്യാസ സമൂഹത്തിൽ ചേരുകയും അഗസ്തീനോ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1908 ൽ അദ്ദേഹം പുരോഹിതനായി.
ശാസ്ത്രത്തെ പിന്നിലാക്കുന്നതിനു പകരം, ഫാ. ജെമെല്ലി ഇറ്റലിയിൽ പരീക്ഷണാത്മക മനഃശാസ്ത്രത്തിന്റെ വഴികാട്ടിയായി മാറി. 1921 ൽ ബെനഡിക്ട് XV മാർപാപ്പയുടെ പിന്തുണയോടെ റോമിൽ ‘കത്തോലിക്കാ യൂണിവേഴ്സിറ്റി ഓഫ് ദി സേക്രഡ് ഹാർട്ട്’ സ്ഥാപിച്ചു. 1964 ൽ ഈ സർവകലാശാലയുടെ മെഡിക്കൽ വിഭാഗം ‘അഗസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്ക്’ എന്ന പ്രശസ്തമായ ആശുപത്രിക്ക് തുടക്കം കുറിക്കുകയും ചെയ്തു.