യുദ്ധത്താലും രോഗത്താലും വലഞ്ഞ് ഗാസയിലെ ക്രൈസ്തവർ

യുദ്ധത്തിന്റെ ഭീതിക്കൊപ്പം ഫ്ലൂ വൈറസ് ബാധയെയും നേരിട്ട് ഗാസയിലെ ക്രൈസ്തവർ. ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ ദൈവാലയത്തിൽ അഭയംതേടിയിരിക്കുന്ന 700 -ഓളം വരുന്ന ക്രിസ്ത്യാനികൾക്കിടയിലാണ് പകർച്ചപ്പനി ഭീതിപടർത്തുന്നത്. ഹോളി ഫാമിലി കത്തോലിക്കാ ഇടവകയിൽ സേവനംചെയ്യുന്ന സി. നബീല സാലിഹ് വത്തിക്കാൻ ദിനപത്രമായ ഒസ്സർവേറ്റോരെ റൊമാനോയ്ക്കു നൽകിയ അഭിമുഖത്തിലാണ് നിലവിലെ ഭീകരമായ സാഹചര്യത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

“ചുറ്റും നാശവും വിജനതയും മാത്രമേയുള്ളൂ. 19 ദിവസമായി ഞങ്ങൾ ഇവിടെ കഴിയുന്നു. പുറത്തുനിന്നറിയുന്ന വാർത്തകൾ ഞങ്ങളുടെ ഉത്കണ്ഠകൾ വർധിപ്പിക്കുന്നുണ്ട്. പള്ളിയിൽ അഭയംതേടുന്നത് മറ്റെവിടെയെങ്കിലും അഭയംതേടുന്നതിനേക്കാൾ സുരക്ഷിതമാണെങ്കിലും ഞങ്ങൾ ഇപ്പോൾ ഫ്ലൂ വൈറസ് ബാധയെ നേരിടുന്നു. ഉയർന്ന പനി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, വയറിളക്കം എന്നിവയാൽ ഇവിടെ കഴിയുന്നവർ കഷ്ടപ്പെടുന്നു. ഞങ്ങൾക്ക് ഇപ്പോൾ ഡോക്ടർമാരോ, നഴ്സുമാരോ ഇല്ല; വേണ്ടത്ര മരുന്നുകളില്ല” – സി. നബീല പങ്കുവച്ചു.

ഭക്ഷണവും വൈദ്യുതിയുമില്ലാത്ത സാഹചര്യംകൂടി ഇവിടെയുള്ളവർ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഭക്ഷണത്തിനായി സഹായസംഘടനകളെ ആശ്രയിക്കുന്നുണ്ടെങ്കിലും വെള്ളം ഇപ്പോഴും പുറത്തുനിന്നു വാങ്ങേണ്ടിവരുന്നു. “സോളാർ പാനലുകൾ നശിച്ചതിനാൽ വൈദ്യുതി ലഭിക്കാത്ത അവസ്ഥയും ഞങ്ങൾ നേരിടുന്നു. ഒരു ദിവസം മൂന്നുമണിക്കൂർ മാത്രമേ ഒരു ജനറേറ്റർ ഓണാക്കുകയുള്ളൂ. അതിനാൽ എല്ലാ പ്രവർത്തനങ്ങളും ആ മണിക്കൂറുകളെ കേന്ദ്രീകരിച്ചാണ്. എങ്കിലും ഒന്നിച്ചായിരിക്കുന്നതുകൊണ്ട് വ്യക്തിപരമായി ലഭിക്കാത്ത ധൈര്യവും ശക്തിയും ലഭിക്കുന്നു” – സി. നബീല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.