കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനമില്ലാതെ നീളുകയാണ്. യുദ്ധത്തിന്റെ ഈ കെടുതികൾക്കിടയിലും, തങ്ങളുടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഗാസയിലെ ഹോളി ഫാമിലി ഇടവകയിൽ കഴിയുന്ന വിദ്യാർഥികൾ; അതിന് അവർക്കാവശ്യമായ സഹായം നൽകുന്നത് ഇടവക വികാരിയും.
ഗാസയിലെ ഹോളി ഫാമിലി ലത്തീൻ ഇടവകയിൽ അഭയം പ്രാപിച്ച നാലുമുതൽ 17 വയസുവരെയുള്ള 150 കുട്ടികളാണ് ഏറെ പ്രതീക്ഷയോടെ തങ്ങളുടെ പുസ്തകങ്ങൾ വീണ്ടും എടുത്തിരിക്കുന്നത്. ഇസ്രായേൽ – ഹമാസ് യുദ്ധത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ ജറുസലേമിൽ കുടുങ്ങിയതിനുശേഷം മെയ് പകുതിയോടെ ഗാസയിലേക്കു മടങ്ങിയ ഫാ. റൊമാനെല്ലിയും തന്റെ സമയം പാഴാക്കിയില്ല. സംഘർഷം മൂലം ഒരുവർഷം മുഴുവൻ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളെ അവരുടെ പഠനവുമായി വീണ്ടും ബന്ധിപ്പിക്കാൻ സഹായിക്കുന്നതിനായി അദ്ദേഹം സെന്റ് ജോസഫ് പദ്ധതി ആരംഭിച്ചു.
“യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ ഞാൻ ഇതിനെക്കുറിച്ചു ചിന്തിച്ചിരുന്നു. ഞാൻ മടങ്ങിയെത്തിയപ്പോൾ അതിന്റെ ആവശ്യമുണ്ടെന്നു കണ്ടു. യുദ്ധത്തിന്റെ അവസ്ഥകൾക്കിടയിലും കുട്ടികൾ അവരുടെ സഹായം ശരിയായി വിനിയോഗിക്കേണ്ടത് ആവശ്യമാണ്. പഠിക്കാൻകഴിയാതെ അവരെ വെറുതെ വിടുന്നത്, യുദ്ധത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ അവരെ ഉപേക്ഷിക്കുന്നതിനു തുല്യമാണെന്നു ഞാൻ കരുതി” – ഫാ. റൊമാനെല്ലി പറഞ്ഞു.
ഇത് ശരിക്കും ഒരു ക്ലാസ് മുറിയുടെ ഘടനയിലല്ല. ശരിയായ സിലബസും മറ്റുമില്ലെങ്കിലും കുട്ടികൾ പഠനത്തിൽനിന്നും അകന്നുപോകുന്നതു തടയാൻ ഇത് ഉപകരിക്കുന്നു. തുടക്കത്തിൽ ഇത്രയും കുട്ടികൾക്ക് ആവശ്യമായ പഠനസാഹചര്യങ്ങളും ക്ലാസ് മുറികളും സൃഷ്ടിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ആ വെല്ലുവിളികളെ മറികടക്കാൻ ഫാ. റൊമാനെല്ലിക്കു കഴിഞ്ഞു. പള്ളിമുറിയും അടുക്കളയും ഊട്ടുശാലയും സ്വീകരണമുറിയും സിസ്റ്റേഴ്‌സ് ഓഫ് ദി ഇൻകാർനേറ്റ് വേഡിന്റെ വീടിന്റെ ബാൽക്കണിയുമെല്ലാം ‘ക്ലാസ് മുറികൾ’ ആയി മാറിയിരിക്കുന്നു. തുറന്ന ഇടങ്ങൾ മറച്ച് കുട്ടികൾക്ക് അനുയോജ്യമായ ഇടങ്ങൾ സൃഷ്ടിച്ചു. തുടർന്ന് കണക്കും ഇംഗ്ലീഷും അറബിയും ശാസ്ത്രവും കുട്ടികളെ പഠിപ്പിച്ചുതുടങ്ങി. പഠനമേഖലയിലേക്കു തിരികെവന്നതോടെ കുട്ടികളും സജീവമായി മാറിയിരിക്കുകയാണ്.
ഇവർ ഇന്ന് ഏറെ പ്രതീക്ഷയോടെ മുന്നേറുകയാണ്. തരണം ചെയ്യാൻ ഏറെ പ്രതിസന്ധികളും പരിതഃസ്ഥിതികളും ഇവർക്കു മുൻപിലുണ്ടെങ്കിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ഇവരെ മുന്നോട്ടുനയിക്കുന്നു.