ബന്ദികൾ പട്ടിണി കിടക്കുമ്പോൾ ഹമാസ് രാജാക്കന്മാരെപ്പോലെ ഭക്ഷണം കഴിക്കുന്നു’ – തടവിലെ അവസ്ഥ വെളിപ്പെടുത്തി മോചിതരായ ഇസ്രായേലി ബന്ദികൾ

72 വയസ്സുള്ള ഇസ്രായേൽ പൗരനായ ലൂയിസ് ഹാർ, ഹമാസിന്റെ കീഴിൽ തടവിൽ കഴിഞ്ഞത് 129 ദിവസമായിരുന്നു. പ്രായാധിക്യത്തിന്റെ വിഷമത്തോടൊപ്പം തടവിലാക്കപ്പെട്ടതിന്റെ ഭയവും ആശങ്കയും കൂടി ചേർന്നപ്പോൾ ഹാർ എന്ന വൃദ്ധന് ജീവിതം നരകതുല്യമായി. ഹമാസിനു കീഴിൽ താൻ അനുഭവിച്ച 129 ദിവസത്തെ ദുരിതം അദ്ദേഹം വിവരിച്ചത് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം കൈകൊണ്ട് ഭക്ഷണം പോലും കഴിക്കാതെ തന്നെ തടവുകാർക്ക് വേണ്ടി പാചകം ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി. 2023 ഒക്ടോബർ ഏഴിന് കിബ്ബുട്സ് നിർ യിത്സാക്കിൽ നിന്ന് പിടികൂടിയ ഹാർ, മറ്റ് നാല് ബന്ദികൾക്കൊപ്പം ഗാസയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ തോക്കിൻമുനയിൽ തടവിലാക്കപ്പെട്ടതായി ഓർമ്മിക്കുന്നു. സഹബന്ദികൾക്കും അഞ്ച് സായുധ ഗാർഡുകൾക്കും ഭക്ഷണം തയ്യാറാക്കുക എന്ന ഉത്തരവാദിത്വമായിരുന്നു ഹമാസ് നൽകിയത്. തുടക്കത്തിൽ ഭക്ഷണം തയാറാക്കാനുള്ള ചേരുവകൾ എല്ലാം ഉണ്ടായിരുന്നെങ്കിലും യുദ്ധം കടുത്തതോടെ ഇവയുടെ ലഭ്യത കുറഞ്ഞു.

അതിനെത്തുടർന്ന് ഹാർ അടക്കമുള്ള ബന്ദികൾ ഹമാസ് സായുധ ഗാർഡുകൾ കഴിച്ച ഭക്ഷണ അവശിഷ്ടങ്ങൾ കഴിച്ച് ജീവിക്കേണ്ടി വന്നു. “പതുക്കെ, പതുക്കെ, ഭക്ഷണം കുറഞ്ഞു. ആദ്യം മുട്ടകൾ ഇല്ലാതായി. പിന്നെ മറ്റു പല സാധനങ്ങളും കുറഞ്ഞു. അവസാന ദിവസങ്ങളിൽ, ഫെർണാണ്ടോയും ഞാനും മാത്രമായിരുന്നു. ഞങ്ങൾ ഒരു ദിവസം ഒരു പിറ്റ പങ്കിട്ടു, പകുതി ഫെർണാണ്ടോയ്ക്കും പകുതി എനിക്കും. ദിവസം മുഴുവൻ കഴിക്കേണ്ടതുകൊണ്ട് ഒരു സമയത്ത് ഒരു ചെറിയ കഷണം മാത്രം കഴിച്ചു”-  ഹാർ പറയുന്നു. രണ്ടുപേർക്കും കൂടി ഒരു ലിറ്റർ വെള്ളം ആയിരുന്നു ഒരു ദിവസത്തേയ്ക്ക് അവർ നൽകിയത്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഹാറിന്റെ ശരീരഭാരം ക്രമാതീതമായി കുറഞ്ഞു. 35 പൗണ്ട് ആണ് 129 ദിവസം കുറഞ്ഞത്.

“ഒരിക്കൽ മാത്രം, തീവ്രവാദികളിൽ ഒരാൾ ‘ഭക്ഷണത്തിന് നന്ദി” – എന്ന് പറഞ്ഞതായി ഹാർ പറയുന്നു. പട്ടിണി കിടന്ന് മരിക്കുമെന്ന് ഭയന്ന് ഹാറും സഹ തടവുകാരും അവർക്ക് ലഭിച്ച പരിമിതമായ ഭക്ഷണം ഒളിപ്പിച്ചു വയ്ക്കാൻ തുടങ്ങി.

“ഭീകരരിൽ ഒരാൾ കണ്ണിൽ കാണുന്നതെല്ലാം കഴിക്കുമായിരുന്നു. അയാൾ അകത്തേക്ക് കടന്നു വരുമായിരുന്നു. ചിലപ്പോൾ ഒരു കഷണം മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിൽ അതുവരെ അയാൾ എടുത്തുകഴിക്കുമായിരുന്നു. ഒടുവിൽ നിവർത്തിയില്ലാതെ ശേഷിക്കുന്ന ഒരു കഷണം ഞങ്ങൾ തലയിലുണയ്ക്കുള്ളിൽ ഒളിപ്പിക്കാൻ തുടങ്ങി”- അദ്ദേഹം പറഞ്ഞു.

ഇസ്രായേലി സൈനിക നടപടി കാരണം ഗാസയിൽ ഭക്ഷണം തീർന്നുപോയതായി ഹമാസ് അവരോട് പറഞ്ഞപ്പോൾ, സ്വതന്ത്രരായ മറ്റ് ബന്ദികൾ സിവിലിയന്മാർക്കുള്ള മാനുഷികസഹായം തീവ്രവാദ സംഘം ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. “ബന്ദികൾ പട്ടിണി കിടക്കുമ്പോൾ ഹമാസ് രാജാക്കന്മാരെപ്പോലെ ഭക്ഷണം കഴിക്കുന്നു,” മോചിതരായ മറ്റൊരു ബന്ദിയായ എലി ഷറാബി യു എൻ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു.

തടവിൽ കഴിയുമ്പോൾ ഹാർ 35 പൗണ്ട് കുറഞ്ഞു. അദ്ദേഹത്തിന്റെ ആകെ ശരീര ഭാരം 187 പൗണ്ടിൽ നിന്ന് 152 ആയി കുറഞ്ഞു. ചില ബന്ദികൾ തങ്ങളുടെ ശരീരഭാരത്തിന്റെ 40 ശതമാനം വരെ കുറഞ്ഞതായി ഇസ്രായേലിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“പതുക്കെ നീങ്ങുന്നു. പതുക്കെ സംസാരിക്കുന്നു. ജീവനോടെയിരിക്കാൻ എല്ലാം പതുക്കെ ചെയ്യുന്നു” – ഹാർ തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് പറഞ്ഞു.

പോഷകാഹാരക്കുറവിനപ്പുറം, കൊലപ്പെടുമെന്നുള്ള നിരന്തരമായ ഭീഷണി അവരുടെ മേൽ ഉയർന്നു. “ഞങ്ങൾ ഒരു കണ്ണ് തുറന്ന് ഉറങ്ങുമായിരുന്നു. അവർ ഹമസ് ആണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആരെങ്കിലും ഞങ്ങളെ കൊല്ലാൻ പറഞ്ഞാൽ അവർ അത് ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു” അദ്ദേഹം പറഞ്ഞു.

ഹമാസ് പോരാളികളുടെ മാനസികാവസ്ഥയും പ്രവചനാതീതമായി ഭീകരാവസ്ഥയിലേയ്ക്ക് നീങ്ങി. “ചില ദിവസങ്ങളിൽ അവർ നല്ല മാനസികാവസ്ഥയിലായിരുന്നു. മറ്റ് ദിവസങ്ങളിൽ അവർ കൂടുതൽ ആക്രമണകാരികളും”- ഹാർ വെളിപ്പെടുത്തുന്നു.

ജീവിത സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. ബന്ദികളെ രണ്ടാഴ്ചയിലൊരിക്കൽ മാത്രമേ കുളിക്കാൻ അനുവദിച്ചിരുന്നുള്ളൂ. അതും അവർ കൊടുക്കുന്ന ഒരു ബക്കറ്റ് തണുത്ത വെള്ളവും ഒരു സോപ്പ് കഷണവും ഉപയോഗിച്ച്. ടൂത്ത് ബ്രഷുകൾ അവർക്ക് ലഭ്യമല്ലായിരുന്നു, തട്ടിക്കൊണ്ടുപോയ അതേ വസ്ത്രങ്ങളിൽ തന്നെയായിരുന്നു ആയ കാലമത്രയും അവർ ജീവിച്ചത്. ശൈത്യകാലം വന്നപ്പോൾ ഒരു നേർത്ത ഷീറ്റും ഒരു ജോടി ദ്വാരമുള്ള സോക്സും മാത്രമേ അവർക്ക് ലഭിച്ചിരുന്നുള്ളൂ.

മാർച്ച് 18 ന് ഗാസയിൽ പോരാട്ടം പുനരാരംഭിച്ചതിനുശേഷം, കുറഞ്ഞത് 24 ബന്ദികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, മറ്റ് 35 പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. തടവിലുള്ള ബന്ദികളുടെ മേൽ ആഗോള ശ്രദ്ധ നിലനിർത്താൻ ദൃഢനിശ്ചയത്തോടെ ഹാർ ഇപ്പോൾ വടക്കേ അമേരിക്കയിലുടനീളം ഒരു പ്രസംഗ പര്യടനത്തിലാണ്.

“കുടുംബങ്ങളുടെ പ്രതീക്ഷ നിലനിർത്താൻ ഞാൻ ശ്രമിക്കുകയാണ്”- അദ്ദേഹം പറഞ്ഞു. “ഒക്ടോബർ ഏഴ് എന്നതിനെക്കുറിച്ചോ ഈ പ്രശ്‌നങ്ങളെല്ലാം എന്തുകൊണ്ടാണ് ആരംഭിച്ചതെന്നോ ഉള്ള വാർത്ത ഒരിക്കലും വരുന്നില്ല. ഇസ്രായേൽ എത്ര പേരെ ബോംബെറിഞ്ഞു എന്നതു മാത്രമേ ആളുകൾ കേൾക്കൂ”- അദ്ദേഹം പറഞ്ഞു നിർത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.