ആലപ്പോയിൽ പുതിയ ബിഷപ്പായി ഫ്രാൻസിസ്കൻ വൈദികൻ ഹന്ന ജല്ലൂഫ്

സിറിയയിലെ ആലപ്പോയുടെ പുതിയ ബിഷപ്പായി ഫ്രാൻസിസ്കൻ വൈദികനായ ഹന്ന ജല്ലൂഫ് അഭിഷിക്തനായി. സെപ്റ്റംബർ 17 -ന് ആലപ്പോയിലെ വി. ഫ്രാൻസിസിന്റെ നാമത്തിലുള്ള ദേവാലയത്തിൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പരിശുദ്ധ കുർബാനമധ്യേയാണ് ഫാ. ജല്ലൂഫ് ബിഷപ്പായി അഭിഷിക്തനായത്.

“ഈ നിയമനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഭൂകമ്പത്തിനുശേഷമുള്ള എല്ലാ പ്രതിബദ്ധതകളും ബുദ്ധിമുട്ടുകളും ഞാൻ ഉൾക്കൊള്ളുന്നു. എന്നാൽ മറ്റൊരു ദൗത്യത്തിനായാണ് ദൈവം എന്നെ വിളിക്കുന്നത്. ഈ ദൗത്യം സ്വീകരിക്കാൻ ഞാൻ മടിച്ചു. കാരണം, എന്റെ ജനത്തെ വിട്ടുപോകാൻ എനിക്ക് പ്രയാസമായിരുന്നു. ഞാൻ കർത്താവിനോടു പ്രാർഥിച്ചു. അപ്പോൾ, ‘ഈ ജനം എന്റെ ജനമാണ്, ഈ ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടമാണ്; ഇത് നിങ്ങളുടേതല്ല’ എന്ന് കർത്താവ് എന്നോടു പറയുന്നതായി എനിക്കുതോന്നി. കൂടാതെ, മറ്റൊരു ദൗത്യത്തിനായി എന്നെ ആഗ്രഹിക്കുന്നു എന്നും അവിടുന്ന് എന്നോടുപറഞ്ഞു.’ അതിനാൽ, പ്രാർഥനയോടെ ഞാൻ എന്റെ നിയമനം സ്വീകരിച്ചു” – ഫാ. ജല്ലൂഫ് പങ്കുവച്ചു.

2011 -ലെ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കം മുതൽ ഇദ്‌ലിബ് പ്രവിശ്യയിലെ സിറിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്നായേ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണ് 71 വർഷങ്ങൾക്കുമുമ്പ് ഫാ. ജല്ലൂഫ് ജനിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിറിയയിലും തുർക്കിയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലായിരുന്നു ഫാ. ജല്ലൂഫ് തന്റെ പൗരോഹിത്യശുശ്രൂഷകൾ നിർവഹിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.