ഫാ. ജെയ്‌സൺ കുന്നേലിന്റെ ‘കാവലാൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് എഴുതിയ യൗസേപ്പിതാവിനെ കുറിച്ചുള്ള ‘കാവലാൾ’ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ദിവ്യകാരുണ്യ മിഷനറി സഭയുടെ എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡൊമിനിക് മുണ്ടാട്ട്, ഫാ. ജോസഫ് കുട്ടി കിഴക്കേപ്പുറത്തിനു നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഫ്രാൻസിസ് പാപ്പാ യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച അന്നു മുതൽ തുടർച്ചയായി 365 ദിവസങ്ങൾ എഴുതിയ, യൗസേപ്പിതാവിനെ കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ഫാ. ജോസഫ് കുട്ടി കിഴക്കേപ്പുറത്തിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് കിഴക്കേ മിത്രക്കരി ഹോളി ഫാമിലി ദൈവാലയത്തിൽ വച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ജീവൻ ബുക്ക്സ് ആണ്. തലശ്ശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകപ്രകാശനത്തിനു ശേഷം ഫാ. റ്റിജോ മുണ്ടുനടയ്ക്കൽ പുസ്തകം പരിചയപ്പെടുത്തി. ഈ പുസ്തകത്തിന്റെ വില 460 രൂപയാണ്.

“വി. യൗസേപ്പിതാവിന്റെ ചിന്തകൾ 365 ദിവസം എഴുതണമെന്ന് ആദ്യം പറഞ്ഞത് ജോസഫുകുട്ടി അച്ചനാണ്. അദ്ദേഹം യൗസേപ്പിതാവിന്റെ നാമധാരിയും ഒരു വലിയ ഭക്തനും കൂടിയാണ്. അതുകൊണ്ടു തന്നെ യൗസേപ്പിതാവിന്റെ ഒരു പടം കിട്ടിയാലോ, ഒരു ആശയം കിട്ടിയാലോ ഒക്കെ പങ്കുവച്ച് സഹായിക്കുമായിരുന്നു. മാത്രമല്ല, മറ്റു നിരവധി വൈദികരും സുഹൃത്തുക്കളും യൗസേപ്പിതാവിന്റെ ചിത്രങ്ങൾ കിട്ടിയാൽ അയച്ചുതരികയും സഹായിക്കുകയും ചെയ്യുമായിരുന്നു. ഈ പുസ്തകം എഴുതാൻ പ്രചോദനം നൽകിയ ജോസഫ് കുട്ടി അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ ജൂബിലി ആഘോഷിച്ച ദിവസം തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്” – ജയ്സൺ അച്ചൻ വെളിപ്പെടുത്തുന്നു.

യൗസേപ്പിതാവിന്റെ നിശബ്ദ സാന്നിധ്യം

യൗസേപ്പിതാവ് ഈ ലോകത്തിൽ ജീവിച്ചിരുന്നപ്പോഴും ഇന്നും, സഭയിൽ നിശബ്ദ സാന്നിധ്യമായി തുടരുന്ന വിശുദ്ധനാണ്. 365 വിഷയങ്ങൾ യൗസേപ്പിതാവിനെക്കുറിച്ച് ഉണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയായിരുന്നു. ‘ഇന്ന് എന്ത് എഴുതും’ എന്ന തരത്തിലുള്ള വിഷയദാരിദ്ര്യവും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ യൗസേപ്പിതാവ് തന്നെ സഹായിച്ചിട്ടുണ്ട് എന്ന് അച്ചൻ പറയുന്നു. കാരണം, വിഷയദാരിദ്ര്യം ഉള്ളപ്പോൾ എവിടുന്നെങ്കിലുമൊക്കെ അച്ചന് ആശയങ്ങൾ ലഭിക്കാറുണ്ടായിരുന്നു.

ചിലപ്പോൾ ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുമ്പോഴായിരിക്കും മറ്റൊരു ആശയം ലഭിക്കുക. യൗസേപ്പിതാവിനെക്കുറിച്ചുള്ള ചിന്തകൾ എഴുതാൻ തുടങ്ങിയ ശേഷം പിന്നെ എന്തു കണ്ടാലും യൗസേപ്പിതാവുമായി ബന്ധപ്പെട്ടു ചിന്തിക്കാൻ തുടങ്ങി. വിവിധ സ്ഥലങ്ങളിലും പള്ളികളിലും പോകുമ്പോൾ മനസിലേക്ക് വേഗം ഓടിയെത്തുന്ന ആശയം യൗസേപ്പിതാവുമായി ബന്ധപ്പെട്ടതായിരുന്നു.

ഫ്രാൻസിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചത് 2020 ഡിസംബർ എട്ടു മുതലാണ്. അന്നു മുതൽ 2021 ഡിസംബർ എട്ടു വരെ 365 ചിന്തകൾ വി. യൗസേപ്പിനെക്കുറിച്ചുണ്ടാവുക എന്നത് മലയാളത്തിൽ അത്യപൂർവ്വമാണ്. വി. യൗസേപ്പിതാവിനെക്കുറിച്ച് വളരെ ലളിതമായ ഭാഷയിൽ എഴുതിയ 365 ആശയങ്ങളാണ് ‘കാവലാൾ’ എന്ന പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.