കത്തോലിക്കാ സഭയുടെ നിർണ്ണായക ഇടപെടൽ: കൊളംബിയയിൽ ഗറില്ലകൾ തട്ടിക്കൊണ്ടുപോയ നാലുപേരെ മോചിപ്പിച്ചു

കൊളംബിയയിൽ ഗറില്ലകൾ തട്ടിക്കൊണ്ടുപോയ നാലുപേരെ മോചിപ്പിക്കുന്നതിൽ നിർണ്ണായക ഇടപെടലുകൾ നടത്തി കത്തോലിക്കാ സഭ. ഓംബുഡ്‌സ്‌മാൻ ഓഫീസും കത്തോലിക്കാ സഭയും ചേർന്നു രൂപീകരിച്ച ഒരു മാനുഷികദൗത്യത്തിലൂടെയാണ് ബന്ദികളെ വിജയകരമായി മോചിപ്പിക്കാൻ സാധിച്ചത്. ബന്ദികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. 90 ദിവസത്തിലധികമാണ് ഇവർ തടവിലായിരുന്നത്.

ഗറില്ലാ നേതാക്കളും കൊളംബിയൻ നേതാക്കളും തമ്മിൽ ഒപ്പുവച്ച, 2016-ലെ സമാധാന ഉടമ്പടി അംഗീകരിക്കാത്ത ഫാർക്ക് വിമതഗ്രൂപ്പിലെ ഒരു വിഭാഗമായ ബൊളിവേറിയൻ ആർമി ബോർഡർ കമാൻഡാണ് നാലുപേരെ 90 ദിവസത്തിലധികം തടവിലാക്കിയതെന്ന് കൊളംബിയൻ ഓംബുഡ്‌സ്മാൻ ഓഫീസ് വെബ്‌സൈറ്റിൽ അറിയിച്ചു. തെക്കൻ കൊളംബിയയിലെ കാട്ടിൽവച്ചായിരുന്നു ബന്ദികളെ കൈമാറ്റം നടന്നത്. മോചനം ഒരു മാനുഷികപരിഗണന നൽകുന്ന കാര്യമാണെന്നും സമാധാനത്തിനായുള്ള അന്വേഷണത്തോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്നും സായുധസംഘത്തിലെ അംഗങ്ങൾ പറഞ്ഞു.

ക്രിമിനൽ സംഘടനകൾ തട്ടിക്കൊണ്ടുപോയ ആളുകളെ മോചിപ്പിക്കാൻ ഓംബുഡ്‌സ്മാൻ ഓഫീസും കത്തോലിക്കാ സഭയും ചേർന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇതാദ്യമായല്ല. മെയ് അവസാനം, നാഷണൽ ലിബറേഷൻ ആർമി (ELN) മാർച്ച് അഞ്ചു മുതൽ തട്ടിക്കൊണ്ടുപോയ ഒരാളെയും ഇത്തരത്തിൽ മോചിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.