നൈജീരിയയിലെ എനുഗു നഗരത്തിലെ ബിഗാർഡ് മെമ്മോറിയൽ മേജർ സെമിനാരിയുടെ ശതാബ്‌ദി ആഘോഷങ്ങൾക്കിടെ നാല്പതു സെമിനാരി വിദ്യാർഥികൾ ഡീക്കൻപട്ടം സ്വീകരിച്ചത് ആഫ്രിക്കയിൽ ദൈവവിളികളുടെ എണ്ണം വർധിക്കുന്നുവെന്നതിനു തെളിവായി. ഇതേ സെമിനാരിയിൽ പൂർവ വിദ്യാർഥിയായിരുന്ന, വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി ആർച്ചുബിഷപ്പ് ഫോർത്തുനാത്തൂസ് നവാച്ചുക്വുവാണ് കർമങ്ങൾക്ക് നേതൃത്വം കൊടുത്തത്. എഴുനൂറ്റി എൺപതോളം സെമിനാരിക്കാരാണ് ഇതേ സെമിനാരിയിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
നൂറു വർഷത്തെ ഈ ചരിത്രത്തിനിടയിൽ 4 കർദിനാൾമാരും 14 ആർച്ച്ബിഷപ്പുമാരും 37 ബിഷപ്പുമാരും നിരവധി വൈദികരും ഇതേ സെമിനാരിയിൽ പരിശീലനം നേടിക്കൊണ്ട്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്യുന്നു. സെമിനാരിയുടെ നല്ല പ്രവർത്തനങ്ങളുടെ ഫലമാണ് ഡീക്കൻപട്ടം സ്വീകരിച്ച 40 പേരുടെ ജീവിതമെന്ന് സന്ദേശത്തിൽ ആർച്ചുബിഷപ്പ് എടുത്തുപറഞ്ഞു. വംശപരമ്പരകളാൽ നിർവചിക്കപ്പെടാത്ത ഒരു പീഠത്തിലേക്ക് ഉയർത്തപ്പെടുന്നതിനാൽ ഡീക്കന്മാർ സ്വീകരിക്കുന്ന ഉന്നതമായ അനന്യതയെയും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.
വിളിക്കപ്പെടുന്ന വിളിക്ക് യോഗ്യമായ ഒരു ജീവിതം നയിക്കാനും വിനയത്തോടും സൗമ്യതയോടും ക്ഷമയോടും എല്ലാ കാര്യങ്ങളെയും സമീപിക്കുന്നതിനും ആർച്ചുബിഷപ്പ് സെമിനാരിക്കാരെ ആഹ്വാനം ചെയ്തു. പ്രാദേശികസഭയിൽ പൗരോഹിത്യപരിശീലനത്തിന് പിന്തുണ നൽകുന്നതിനായി സ്ഥാപിതമായ വി. പത്രോസിന്റെ പൊന്തിഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായ ജീൻ ബിഗാർഡിന്റെ സ്മരണാർഥമാണ്, സെമിനാരിക്ക് ബിഗാർഡ് മെമ്മോറിയൽ സെമിനാരി എന്ന പേര് നൽകിയിരിക്കുന്നത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്