മെക്സിക്കോയിലെ കത്തോലിക്കാ പള്ളിക്കു സമീപം മുൻ അൾത്താര ബാലന്മാർ വെടിയേറ്റു കൊല്ലപ്പെട്ടു

മെക്സിക്കോയിലെ വെരാക്രൂസിലെ എസ്പിനാൽ മുനിസിപ്പാലിറ്റിയിലെ എന്റാബ്ലാഡെറോ കമ്മ്യൂണിറ്റിയിലെ ഗ്വാഡലൂപ്പിലെ ഔവർ ലേഡി ഇടവകയ്ക്കു സമീപം പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അനുശോചനമറിയിച്ച് കത്തോലിക്കാ സഭ. നവംബർ ഒൻപതിനു കൊല്ലപ്പെട്ട സഹോദരങ്ങൾ ഇടവകയിലെ അൾത്താര ബാലന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി.

മെക്സിക്കോയിലെ സഭയ്‌ക്കെതിരായ അക്രമങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംഘടനയായ കാത്തലിക് മൾട്ടി മീഡിയ സെന്ററും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്തവരിൽ ഒരാൾ വർഷങ്ങൾക്കുമുമ്പ് അൾത്താര ബാലനായിരുന്നു. മറ്റൊരാൾ ഇടവകയിലെ യുവജന ഗ്രൂപ്പിൽപെട്ട വ്യക്തിയായിരുന്നുവെന്നും പാപാന്തല രൂപതയുടെ വക്താവ് ഫാ. ലോറെൻസോ റിവാസ് ഫ്യൂന്റസ് പറഞ്ഞു.

ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കുറ്റകൃത്യം നടന്നത് കത്തോലിക്കാ ദൈവാലയത്തിനകത്തല്ല; തൊട്ടടുത്തുള്ള പ്ലാസയിൽ ആണെന്ന് ഫാ. റിവാസ് വിശദീകരിച്ചു. മരിച്ച കുട്ടികളുടെ അമ്മയാണ് വൈദികന്റെ ഭക്ഷണം തയ്യാറാക്കുന്നതെന്നും മെക്സിക്കൻ രൂപതയുടെ വക്താവ് കൂട്ടിച്ചേർത്തു. വസ്‌തുതകൾ വ്യക്തമാക്കാനും കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും പ്രോസിക്യൂട്ടർമാരും വിദഗ്ദ്ധരും മിനിസ്റ്റീരിയൽ പൊലീസും പ്രവർത്തിക്കുന്നുണ്ടെന്ന് വെരാക്രൂസ് സ്‌റ്റേറ്റ് അറ്റോർണി ജനറൽ വെറോണിക്ക ഹെർണാണ്ടസ് ജിയാഡൻസ് സ്ഥിരീകരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.